നാലുവരി അല്ലെങ്കില്‍ ഒരു ശ്ലോകം കൊണ്ട് സമഗ്രമായ ഒരാശയത്തെ ആവിഷ്‌കരിക്കാന്‍ കഴിയുന്ന, ചമത്കാരഭംഗിയും അര്‍ത്ഥസാന്ദ്രതയും ഭാവഗരിമയുമുള്ള മനോഹര ശ്ലോകങ്ങളെയാണ് മുക്തകങ്ങള്‍ എന്നു പറയുന്നത്. മുത്തുമണിപോലെ തിളക്കവും മൂല്യവുമുള്ളതാണ് ഈ ശ്ലോകങ്ങള്‍. മുക്തം എന്നാല്‍ മറ്റൊന്നുമായി ചേര്‍ന്നുനില്‍ക്കാത്തത് എന്നര്‍ത്ഥം.മുക്തകം ശ്ലോക ഏവൈകശ്ചമത്കാരക്ഷമഃ സതാം എന്ന് കാവ്യാദര്‍ശത്തില്‍ ആചാര്യ ദണ്ഡി മുക്തകത്തെ നിര്‍വചിക്കുന്നു.

മുക്തകം ശ്ലോക ഏകസ്യാല്‍ ചമത്കാരക്ഷംഅഃ സതാം എന്ന് അഗ്‌നിപുരാണത്തിലും നിര്‍വചനമുണ്ട്. ഛന്ദോബദ്ധപദം പദ്യം തേന മുക്തേന മുക്തകം എന്ന് സാഹിത്യദര്‍പ്പണം.സംസ്‌കൃതസാഹിത്യത്തില്‍ പ്രത്യേക സാഹിത്യപ്രസ്ഥാനമായി ഇവ വളര്‍ന്നിരുന്നു. ഇവ കവിയുടെ മാറ്റുരയ്ക്കാന്‍ പര്യാപ്തമാണ്.

സവിശേഷ മുഹൂര്‍ത്തങ്ങളില്‍ കവിക്കുണ്ടാകുന്ന അനുഭവത്തിന്റെ മനോഹരമായ ആവിഷ്‌കാരങ്ങളാണ് മുക്തകങ്ങള്‍. സംസ്‌കൃതത്തില്‍ നിന്നാണ് മലയാളത്തിലേക്ക് മുക്തകങ്ങള്‍ കടന്നുവന്നത്- മണിപ്രവാള പ്രസ്ഥാനത്തിലൂടെ. ലീലാതിലകം എന്ന മണിപ്രവാളഗ്രന്ഥം മുക്തകങ്ങളുടെ കലവറയാണ്. എന്നാല്‍, മലയാളത്തില്‍ മുക്തകങ്ങളുടെ സുവര്‍ണ്ണകാലം പിറന്നത് കൊടുങ്ങല്ലൂര്‍ കളരിയിലൂടെയാണ്. പില്‍ക്കാലത്തെ കാല്പനിക കവികളും മുക്തകരചന നടത്തിയിരുന്നു.