ദേവത, ബാധ, പരേതാത്മാവ്, ശിവഭൂതം, കാളിയുടെ പരിവാരദേവത എന്നിങ്ങനെ പല അര്‍ത്ഥങ്ങളിലും ഭൂതം എന്ന പദം പ്രയോഗിച്ചുകാണുന്നുണ്ട്. ഭൂതം നിധികാക്കുന്നുവെന്നുള്ള വിശ്വാസവും നിലവിലുണ്ട്. അമാനുഷവും അസാധ്യവുമായ പല പ്രവൃത്തിയും ചെയ്യാന്‍ ഭൂതങ്ങള്‍ക്ക് കഴിയുമത്രെ. പല ജലാശയങ്ങളും ഭൂതം കുഴിച്ചതാണെന്ന വിശ്വാസം നിലവിലുണ്ട്. ഭൂതങ്ങള്‍ക്ക് തുളുനാട്ടിലാണ് കൂടുതല്‍ ‘സ്ഥാന’ങ്ങള്‍ ഉള്ളത്. ഭൂതം എന്ന പദം ശാസ്താവിനെ സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. തെയ്യാട്ടത്തില്‍ കരിമ്പൂതം, വെളുത്തഭൂതം, ചുവന്നഭൂതം തുടങ്ങിയ ‘ഭൂത’ങ്ങളെക്കാണാം. കാഞ്ഞരങ്ങാട് ക്ഷേത്രത്തിനു സമീപം ഭൂതത്തിന്‍ കാവുണ്ട്. അവിടെ ശിവഭൂതമാണ്.