ഉത്തരകേരളത്തിലെ ചെറുകുന്നിനു സമീപമുള്ള കീഴറക്കുലോം എന്ന ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് നടത്തിവരുന്ന ഒരു ചടങ്ങ്. കുംഭമാസം മൂന്ന്, നാല് തീയതികളില്‍ അര്‍ധരാത്രി സമയത്താണ് ദിക്കുകലശം നടത്തുക പതിവ്. ചൂട്ടുവെളിച്ചക്കാരുടെ അകമ്പടിയോടുകൂടി തലയില്‍ ‘കലശ’മെഴുന്നള്ളിച്ച് നാലുപേര്‍ ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് ഓടിക്കൊണ്ട് നിശ്ചിതസ്ഥലത്തുനിന്നും വേര്‍തിരിഞ്ഞ് കീഴറയുടെ നാല് അതിര്‍ത്തികളിലുമാണ് കലശം വയ്ക്കുന്നത്.

മകരം ഇരുപത്തഞ്ചിന് കലശത്തിന് നെല്ലളക്കും. അന്നുമുതല്‍ കലശക്കാര്‍ വ്രതമനുഷ്ഠിക്കണം. തീയസമുദായത്തില്‍പ്പെട്ടവരാണ് കലശമെടുക്കേണ്ടത്. കലശക്കാര്‍ കുളിച്ചുവന്ന് കലശമെടുക്കാന്‍ തയാറാകുമ്പോള്‍ ‘ചൂട്ടുവലി’ എന്ന ചടങ്ങ് നടക്കും. കലശത്തോടൊപ്പം ഓലച്ചൂട്ട് കത്തിച്ചുപിടിച്ചുകൊണ്ടുപോകുവാന്‍ കൂടുതല്‍ ആള്‍ക്കാര്‍ സന്നദ്ധരാകുന്നതിനാലാണ് അതിനുവേണ്ടി ഒരു മത്സരം നടത്തുന്നത്.