കണ്‍മഷി ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ഒരുതരം മണ്‍പാത്രം. ‘മഷിയോട്’ എന്നും പറയും. നാട്ടിന്‍പുറങ്ങളില്‍ കണ്‍മഷി സ്വന്തമായി ഉണ്ടാക്കിയാണ് ചിലര്‍ ഇന്നും ഉപയോഗിക്കുന്നത്. കമിഴ്ത്തി വയ്ക്കാവുന്ന മൂന്ന് കാലുകളുള്ളതാണ് മഷിക്കുടുക്ക. ഒരു തട്ടില്‍ എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച് അതിനുമുകളില്‍ മഷിയോട് വച്ചാല്‍ അതിന്റെ ഉള്‍ഭാഗത്ത് പുക പിടിച്ച് മഷിക്കരിയുണ്ടാകും. തുളസിയടെ നീരില്‍ മുക്കി കാറ്റത്തുണക്കിയ തിരിശ്ശീലയാണ് തിരിക്ക് ഉപയോഗിക്കുക.

ഗര്‍ഭിണികളെ ഉദ്ദേശിച്ച് ഏഴാം മാസത്തിലോ, ഒന്‍പതാം മാസത്തിലോ മഷിയുണ്ടാക്കുന്ന പതിവുണ്ട്. മഷിയോട്ടില്‍ കരിപിടിച്ചതിന്റെ സ്വഭാവം നോക്കി, അവള്‍ പ്രസവിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന ലക്ഷണം പറയുന്ന പതിവും ചിലേടങ്ങളിലുണ്ട്. വിശേഷാവസരങ്ങളില്‍ മഷിവെക്കും. മഷിവെക്കുന്നതിന് നല്ലസമയം നോക്കണമെന്നുണ്ട്.

‘മഷിക്കുടുക്ക ഞാന്‍ തരുവാന്‍’ എന്നിങ്ങനെ തിരുവാതിരപ്പാട്ടിലും മറ്റും മഷിക്കുടുക്കയെക്കുറിച്ച് പരാമര്‍ശം കാണാം. മഷിയുണ്ടാക്കുവാന്‍ മണ്‍കുടുക്കയ്ക്കു പകരം ചെമ്പുകൊണ്ടുള്ള സാധനവും ഉപയോഗിക്കാറുണ്ട്.