കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ കൃഷ്ണപുരം വില്ലേജില്‍പ്പെട്ട ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ പന്ത്രണ്ടാം തീയതിവരെ നടക്കുന്ന ‘പന്ത്രണ്ട് വിളക്കും’ മിഥുനം ഒന്നും രണ്ടും തീയതികളില്‍ നടക്കുന്ന ‘ഓച്ചിറക്കളി’ യും പ്രശസ്തമാണ്. ഓച്ചിറക്കളി പഴയകാല സൈനിക പരിശീലനങ്ങളുടെയും യുദ്ധങ്ങളുടെയും സ്മരണ ഉയര്‍ത്തുന്നതാണ്. വേണാട്ടുരാജാവും കായംകുളം രാജാവും തമ്മില്‍ നടന്ന യുദ്ധങ്ങളുടെ സ്മരണയാകാം. ഓച്ചിറയിലെ കിഴക്കും പടിഞ്ഞാറുമുള്ള കരകളിലെ കളരിയാശാന്‍മാരുടെ മേല്‍നോട്ടത്തില്‍ പടനിലത്തിലെത്തി യുദ്ധമുറകള്‍ പയറ്റുന്നു. വാളും പരിചയുമെടുത്തുള്ളതാണ് ഇത്. മുട്ടോളം വെള്ളമുള്ള പടനിലത്തുനിന്നാണ് പയറ്റ്. തലയില്‍ വലിയ തൊപ്പിയും കഴുത്തില്‍ മാലയും അരയില്‍ ചുവന്ന ഉടുപ്പുമാണ് വേഷം. പണ്ട് നായന്‍മാര്‍ക്കു മാത്രമേ ഇതില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. പിന്നീട് എല്ലാ ജാതിക്കാര്‍ക്കും ഇതില്‍ പങ്കെടുക്കാമെന്ന് വിളംബരം പുറപ്പെടുവിച്ചത് തിരുവിതാംകൂര്‍ മഹാരാജാവാണ്.