സഞ്ചയനക്രിയ.  അസ്ഥികള്‍ സംഭരിച്ച് സംസ്‌കരിക്കുന്ന കര്‍മ്മം. മരിച്ച് നാലാം ദിവസമാണ് അസ്ഥിസഞ്ചയനത്തിന് വിധിക്കപ്പെട്ടിട്ടുള്ളത്. അഞ്ചാംദിവസവും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പിണ്ഡകര്‍ത്താക്കളുടെ പിറന്നാള്‍ ദിവസവും സഞ്ചയനം നടത്താറില്ല. ശ്മശാനത്തില്‍ അസ്ഥികള്‍ കൊടിലുകൊണ്ട് പെറുക്കിയെടുത്ത്, ശുദ്ധീകരിച്ച് മണ്‍പാത്രത്തിലാക്കി പുണ്യതീര്‍ത്ഥങ്ങളില്‍ ഒഴുക്കും. അസ്ഥികള്‍ നീക്കം ചെയ്താല്‍ കുഴിമൂടും. ചില സമുദായക്കാര്‍ അവിടെ തെങ്ങ് വയ്ക്കുകയും നവധാന്യങ്ങള്‍ വിതറുകയും ചെയ്യും. ശ്മശാനത്തെ വിളഭൂമിയാക്കുക എന്നതാണ് ലക്ഷ്യം.