വടക്കെമലബാറിലെ മാപ്പിളവിഭാഗത്തില്‍പ്പെട്ട വിധവകളെ ബയാപിടച്ചി എന്ന് പറയുക പതിവായിരുന്നു. ഭര്‍ത്താവ് മരിക്കുമെന്ന് തോന്നിയാല്‍ മൊഴിച്ചൊല്ലുന്ന പതിവുണ്ട്. അതിനു സാധിക്കാതെവരികയാണെങ്കില്‍ ഭാര്യ പൂര്‍ണ്ണമായും വിധവയാണ്. അങ്ങനെ വിധവയായാല്‍ നാല്‍പതുദിവസം മൂലയ്ക്കുകൂട്ടണം. ആ കാലത്ത് ആഭരണാദികള്‍ ധരിക്കാറില്ല. വെളുത്തവസ്ത്രം ധരിച്ചിരിക്കണം. കഴിവതും അന്യരില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കും. ബയാപിടച്ചികളെ സമൂഹം ആദരവോടെയാണ് കരുതിപ്പോരുന്നത്. രോഗാദികള്‍മാറുവാനോ, കാര്യസാധ്യത്തിനോ പള്ളിയില്‍ നേര്‍ച്ച നേരുന്നതുപോലെ ബയാപിടച്ചികള്‍ക്കും നേര്‍ച്ച നല്‍കാറുണ്ട്. ഇരുപത്തിയഞ്ച് പൈസ, അന്‍പതു പൈസ എന്നിങ്ങനെയുള്ള നാണയങ്ങളാണ് നേര്‍ച്ചയായി നല്‍കുക. കൂടുതല്‍ ബയാപിടച്ചികളുണ്ടെങ്കില്‍ അവര്‍ക്കെല്ലാം നല്‍കും.