പാണന്‍, മുന്നൂറ്റാന്‍, പുലയന്‍, പറയന്‍ എന്നീ സമുദായക്കാര്‍ ഗര്‍ഭിണികളെ പുരസ്‌കരിച്ചുചെയ്യുന്ന അനുഷ്ഠാന ബലിക്കര്‍മം. കോഴിക്കോടുജില്ലയിലാണ് ‘ബലിക്കള’യ്ക്ക് കൂടുതല്‍ പ്രചാരം. ഗര്‍ഭിണികളെ ബാധിക്കുന്ന ദുര്‍ദേവതകളെ ഉച്ചാടനം ചെയ്യുവാനാണ് ബലിക്കള നടത്തുന്നത്.

പഞ്ചവര്‍ണപ്പൊടിക്കൊണ്ട് ദേവതാരൂപങ്ങള്‍ കളമായി കുറിക്കും. പിണിയാളെ ‘കള’ത്തിനു മുന്നിലിരുത്തി കൈയില്‍ കുരുതി കൊടുക്കും. കുട്ടിച്ചാത്തന്‍, ഭൈരവന്‍, ഗന്ധര്‍വന്‍, ഭദ്രകാളി, ചാമുണ്ഡി എന്നീ ദേവതകളെ സംബന്ധിക്കുന്ന തോറ്റങ്ങളും കീര്‍ത്തനങ്ങളും ദേവകന്നിത്തോറ്റവും മാന്ത്രികര്‍ പാടും. കര്‍മസമാപനത്തില്‍ കുരുതി ഉഴിഞ്ഞുകളയും. ബലികര്‍മവും കളംകുറിയും ഇതില്‍ പ്രധാനമായതുകൊണ്ടായിരിക്കണം ‘ബലിക്കള’ എന്ന പേര് സിദ്ധിച്ചത്. ‘ബലിക്കള’ത്തിനു പാടുന്ന ഗാനങ്ങളില്‍ മുഖ്യമായവയാണ് ബലിക്കളത്തോറ്റങ്ങള്‍.