വസൂരിരോഗം പിടിപ്പെട്ട് മരിച്ചാല്‍ ആ ആത്മാവ് ഭണ്ഡാരമൂര്‍ത്തിയാകുമെന്നാണ് വിശ്വാസം. ആ മൃതശരീരം ദഹിപ്പിക്കുകയല്ല, പ്രത്യേക രീതിയില്‍ കുഴിച്ചിടുകയാണ് ചെയ്യുക. അതിനു ‘ഭണ്ഡാരം താക്കല്‍’ എന്നാണ് പറയുക ചിലേടങ്ങളില്‍ ഭണ്ഡാരം താഴ്ത്തിയ

സ്ഥലത്ത് തറകെട്ടി അശുദ്ധിതട്ടാതെ സൂക്ഷിക്കാറുണ്ട്. ഭവനത്തിനുള്ളില്‍ത്തന്നെ ഭണ്ഡാരം താഴ്ത്തുന്നപതിവും ഉണ്ടായിരുന്നു. വസൂരി രോഗം കൊണ്ടുമരിച്ചാല്‍, സാധാരണചെയ്യാറുള്ളതുപോലെയുള്ള പരേതക്രിയകളൊന്നും ചെയ്യാറില്ല. പരേതാത്മാവ് കാളിയാല്‍ ലയനം പ്രാപിച്ചുവെന്നാണ് വിശ്വാസം. ഭദ്രകാളിയാല്‍ ഭക്ഷിക്കപ്പെട്ടുവെന്നത്രെ അതിലെ സങ്കല്‍പം. ഭണ്ഡാരമൂര്‍ത്തി എന്ന പേരില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്നത് പരേതാത്മാവിനെയല്ലെന്നും ഭദ്രകാളിയെത്തന്നെയാണെന്നുമാണ് പറയപ്പെടുന്നത്. തമിഴുനാട്ടില്‍ മാരിയമ്മ എന്ന പേരിലും ഉത്തരേന്ത്യയിലും മറ്റും ശീതള എന്ന പേരിലും ആരാധന നടത്തുന്നുണ്ട്.