ആതിരോല്‍സവവുമായി ബന്ധപ്പെട്ട് പുരുഷന്‍മാര്‍ അവതരിപ്പിക്കുന്ന വിനോദകല. മധ്യകേരളത്തിലുള്ള കലാപ്രകടനമാണ് ചോഴികെട്ട്. ഇതിന് ‘ചോഴിക്കളി’ എന്നും പറയും. മകയിരംനാളില്‍ പാതിരയ്ക്ക് ഈ കളി തുടങ്ങും. ചെണ്ട,ഇലത്താളം എന്നിവയാണ് വാദ്യോപകരണങ്ങള്‍. യമന്‍, ചിത്രഗുപ്തന്‍, ചോഴികള്‍, മുത്തിയമ്മ എന്നീ വേഷങ്ങളാണ് ചോഴിക്കളിയില്‍ ഉണ്ടായിരിക്കുക. യമന്റെ ഭൂതഗണങ്ങളെന്ന സങ്കല്‍പത്തിലുള്ള വേഷങ്ങളാണ് ചോഴികള്‍. കുട്ടികളാണ് ചോഴികളുടെ വേഷം കെട്ടുന്നത്. മറ്റു വേഷങ്ങള്‍ മുതിര്‍ന്നവര്‍ തന്നെ കെട്ടും. ശരീരത്തില്‍ വാഴയുടെ ഉണങ്ങിയ ഇലകള്‍ വച്ചുകെട്ടുന്ന വേഷങ്ങളാണ് ചോഴിവേഷങ്ങള്‍. ചിത്രഗുപ്തന്‍, യമന്‍ എന്നീ വേഷങ്ങള്‍ മുഖം മൂടിയും കറുത്ത ഉടുപ്പും ധരിക്കും. വൃദ്ധയുടെ വേഷമാണ് മുത്തിയമ്മ. ചില പാട്ടുകളും ചോഴികെട്ടിന് പാടുമത്രെ. ചോഴിക്കളിക്കാര്‍ ഭവനംതോറും ചെന്ന് കളിച്ചാല്‍, അവര്‍ക്ക് പണവും മറ്റും ലഭിക്കും. ഈ ചോഴികെട്ട് തിരുവാതിരച്ചോഴി എന്ന പേരിലും അറിയപ്പെടുന്നു. കുടച്ചോഴി എന്ന പേരില്‍ മറ്റൊരു തരം ചോഴികളിയുണ്ട്.