പണിയര്‍, കളനാടികള്‍, അടിയാന്മാര്‍, കുണ്ടുവടിയന്മാര്‍ തുടങ്ങിയ ആദിമവര്‍ഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള ഒരനുഷ്ഠാനച്ചടങ്ങ്. പണിയന്മാരുടെ ദൈവം കാണല്‍ ഒരു അനുഷ്ഠാനനൃത്തമാണ്. മരച്ചുവടുകളിലുള്ള ദൈവസങ്കേതങ്ങളില്‍ വച്ച് അവര്‍ ദേവതാദര്‍ശനം നടത്തുന്നു. വെളിച്ചപ്പാട് തുള്ളുന്നതുപോലെയാണ് അതിന്റെ സമ്പ്രദായം. ചുവന്ന പട്ടുടുക്കും, കാലുകളില്‍ ചിലമ്പണിയും, മുഖത്തും ശരീരത്തിലും അരിമാവ്, മഞ്ഞള്‍, കരി തുടങ്ങിയവകൊണ്ട് വരയും കുറിയുമുണ്ടാകും. കൈയില്‍ ആയുധമെടുക്കാറുണ്ട്. ദേവതകള്‍ ശരീരത്തില്‍ ആവേശിച്ച് നര്‍ത്തനം ചെയ്യുന്നുവെന്നാണ് സങ്കല്പം. തുടിയും മരക്കുഴലും വാദ്യോപകരണങ്ങളായി ഉപയോഗിക്കും. ദേവതകളെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളും ആ സന്ദര്‍ഭത്തില്‍ പാടുക പതിവാണ്.

വയനാട്ടിലെ അടിയാന്മാര്‍ ഗദ്ദികയുടെ അനുബന്ധമായി ദൈവം കാണല്‍ എന്ന അനുഷ്ഠാനം നടത്താറുണ്ട്. രോഗം, പ്രസവവേദന എന്നിവ ഉണ്ടാകുമ്പോഴാണ് ഇത് പതിവ്.

കളനാടികള്‍ വര്‍ഷംതോറും നടത്തുന്ന കോളുകഴിക്കല്‍ കര്‍മ്മത്തോടനുബന്ധിച്ച് ‘ദൈവം കാണല്‍’ നടത്തും. കോമരമാകുന്ന വ്യക്തികള്‍ വ്രതമെടുത്തിരിക്കണം. പുരുഷദൈവങ്ങള്‍ക്കും സ്ത്രീദേവതകള്‍ക്കും പ്രത്യേകം കോമരങ്ങളുണ്ടായിരിക്കും. വാള്‍ ധരിച്ച കോമരങ്ങള്‍ ഉറഞ്ഞുതുള്ളി അനുഗ്രഹവൃഷ്ടി ചെയ്യും. കുണ്ടുവടിയന്മാര്‍ തുലാപ്പത്തിന് നായാട്ടിനിറങ്ങുമ്പോള്‍ ദൈവത്തെ കാണല്‍ നടത്തും. കുറിച്യര്‍ തിരണ്ടുകല്യാണം, മൂപ്പനെ തിരഞ്ഞെടുക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് ദൈവം കാണല്‍ നടത്തുക.