ക്രൈസ്തവരുടെ മാര്‍ഗം കളിക്കുപയോഗിക്കുന്ന പാട്ടുകളിലൊരിനം. പ്രാദേശിക സ്വഭാവമുള്ളവയാണ് ഇടക്കളിപ്പാട്ടുകള്‍. മാര്‍ഗംകളിക്കു പാരമ്പര്യമായി പാടിവരുന്ന പതിന്നാലു പാദങ്ങളിലുള്ള പാട്ടുകള്‍ പാടുന്നതിനിടയിലാണ് ഇടക്കളിപ്പാട്ടുകള്‍ പാടുന്നത്. അതുകൊണ്ടാണ് ആ പേരു വന്നത്, ഓരോ പാദവും പാടിക്കഴിഞ്ഞാല്‍ വൈചിത്ര്യത്തിനുവേണ്ടി ഇടക്കളിപ്പാട്ട് പാടും. മധ്യതിരുവിതാംകൂറില്‍ കൂടുതല്‍ പ്രാചുര്യത്തിലുള്ള ഈ പാട്ടുകളെ ‘ഇടപ്പാട്ടു’കളെന്നും പറയും. മതസംബന്ധമായ ഇതിവൃത്തമാണ് ഈ പാട്ടുകളില്‍ പ്രയേണ അടങ്ങിയിട്ടുള്ളത്. ഈ പാട്ടുകള്‍ കളിക്കാര്‍ക്ക് തളര്‍ച്ച മാറ്റുവാന്‍ സഹായകമാണ്. ചടുലമായ നൃത്തം ചെയ്യുമ്പോള്‍ പാടുന്നവയല്ല ഇവ. വൃത്താകൃതിയില്‍ നടന്നുകൊണ്ട് കൈമുട്ടി പാടുകമാത്രമാണ് ചെയ്യുക.