മന്ത്രസാധനയ്ക്ക് ഉപയോഗിക്കുന്ന മാല. നൂറ്റിയെട്ട് മണികള്‍ ഉള്ള മാല ഉത്തമവും സര്‍വ്വസിദ്ധികരവുമാണ്. നൂറുമണികള്‍ ഉളളത് സൗഖ്യകാരണമാണ്. അമ്പത്തിനാലുമണികള്‍ ഉള്ള മാല അഭീഷ്ടകരം. മുപ്പതുമണികള്‍ ഉള്ളത് ധര്‍മവൃദ്ധികരമാണ്. ഇരുപത്തഞ്ചുള്ളത് മോക്ഷസാധനം. ആഭിചാരക്രിയാദികള്‍ക്ക് പതിനഞ്ചു മണികള്‍ ഉള്ളത് മതി. രുദ്രാക്ഷമാലകൊണ്ട് ജപിച്ചാല്‍ സര്‍വകാമസിദ്ധിയും രത്‌നമാലയായാല്‍ ഐശ്വര്യ സിദ്ധിയും ഫലം. ശംഖുമാലകള്‍ ധരിച്ചാല്‍ പോയതെല്ലാം തിരിച്ചു കിട്ടും. പൂത്തെലഞ്ഞിക്കുരുമാല പുത്രലാഭത്തിനും, താമരക്കുരുമാല പുഷ്ടിവര്‍ധനത്തിനും, പവിഴമാല ശത്രുക്കളുടെ ഉച്ചാടനത്തിനും ഉത്തമമാണ്. പാപനാശനത്തിന് കുശമാലയും, ഉച്ചാടനത്തിന് എരിക്കിന്‍കുരുമാലയും, ജ്ഞാനസിദ്ധിക്ക് ത്രിഫലാമാലയും ഉപയോഗിക്കാം. ശിവസായൂജ്യത്തിന് രുദ്രാക്ഷമാല ധരിക്കണം. വൈഷ്ണവഭക്തര്‍ തുളസിമാലയാണ് ധരിക്കുക. മറ്റു മതസ്ഥര്‍ക്കും ജപമാലകളുണ്ട്.