ബിംബങ്ങള്‍ ഉറപ്പിക്കാനും ചില പ്രത്യേകബിംബം ഉണ്ടാക്കാനും ഉപയോഗിക്കുന്ന കൂട്ട്. അഷ്ടബന്ധത്തിനുപകരമായി ഇത് ഉപയോഗിക്കാം. ചില കാവുകളിലും ക്ഷേത്രങ്ങളിലും കടുശര്‍ക്കരക്കൂട്ടാണ് മൂലബിംബം ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്. അഭിഷേകാദികള്‍ക്ക് അര്‍ച്ചനബിംബം വേറെ ഉണ്ടാകും. കാവിമണ്ണ് ഒരുഭാഗം; ത്രിഫല മൂന്നുഭാഗം (കടുക്ക, താന്നിക്ക, നെല്ലിക്ക എന്നിവ ഉണക്കിപ്പൊടിച്ചത് ഓരോ ഭാഗം വീതം); കോഴിപ്പരല്‍ പത്തുഭാഗം; പതിന്നാലുഭാഗം ചെഞ്ചല്യം ഇവയെല്ലാം ശീലപ്പൊടിയാക്കി പാകത്തിന് എണ്ണയും ചേര്‍ത്ത് ചൂടാക്കി തേന്‍പാകത്തിലെടുക്കുന്നത് ശക്തിയുള്ള കൂട്ടാണ്. കടുശര്‍ക്കരക്കൂട്ട് ഉണ്ടാക്കുന്നതിന് താന്ത്രികമായ വിധിയുണ്ട്.