മലപ്പണ്ടാരം. ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളിലെ വനപ്രദേശങ്ങളില്‍ വസിക്കുന്ന ആദിമനിവാസിവിഭാഗം. സ്ഥിരമായ ഭവനങ്ങള്‍ ഉണ്ടാക്കാറില്ല. അലഞ്ഞുനടക്കുന്നതിലാണ് ഇവര്‍ക്ക് താല്‍പര്യം. വനവിഭാഗങ്ങള്‍ ശേഖരിക്കലാണ് ഉപജീവനമാര്‍ഗം. പുനംകൃഷിയിലൊന്നും ഏര്‍പ്പെടാറില്ല. ഋതുവാകുന്നതിനു മുമ്പോ, അതിനുശേഷമോ വിവാഹം കഴിക്കാം. വിവാഹത്തിന് കൂടുതല്‍ ചടങ്ങുകളൊന്നുമില്ല. പെണ്ണിന്റെ പിതാവിന് പുകയില കൊണ്ടുപോകണം. വധുവിന് തുണികൊടുക്കണം. മരിച്ചാല്‍ കുഴിച്ചിടുകയാണ് പതിവ്. മലപ്പണ്ടാരങ്ങളുടെ മൂപ്പന്‍ ‘കാണി’ ‘അയ്യ’ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. ചിലപ്പോള്‍ മൂപ്പന്‍ തന്നെ പൂജാരിയുമാകും.