പ്രാചീനകാലത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായില്‍വെച്ച് പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്താറുണ്ടായിരുന്ന ആഘോഷം. മാഘമാസത്തിലെ മകം നക്ഷത്രം മുഖ്യദിനമായിരുന്നു. ‘മാഘമക’മത്രെ ‘മാമാങ്ക’മായത്. മാമാങ്കം ആദിചേര ചക്രവര്‍ത്തികമാരുടെ കാലംതൊട്ടേ ആരംഭിച്ചിരുന്നു. രക്ഷാപുരുഷനാകാനുള്ള ചേരചക്രവര്‍ത്തിയുടെ അധികാരം വള്ളുവക്കോനാതിരിക്ക് ലഭിച്ചതോടെ സാമൂതിരി തുടങ്ങിയ കേരളത്തിലെ മറ്റു രാജാക്കന്മാര്‍ക്ക് കണ്ണുകടി തുടങ്ങി. സാമൂതിരി രാജാവ് തീരുനാവായ പിടിച്ചടക്കി. നാടുവാഴികളെല്ലാം മാമാങ്കോത്സവത്തിന് കൊടി അയയ്ക്കണമെന്നാണ് നിയമം. എന്നാല്‍ വള്ളുവക്കോനാതിരി, സാമൂതിരിയോട് പ്രതികാരം ചെയ്യുവാന്‍ ചാവേറ്റു പടയാണ് അയച്ചുപോന്നത്. മൈസൂര്‍ ആക്രമണത്തോടെയാണ് മാമാങ്കം നിലച്ചത്. മാമാങ്കത്തില്‍ പൊരുതി മരിച്ച വീരന്മാരെക്കുറിച്ചുള്ള പാട്ടുകളാണ് ‘ചാവേര്‍പ്പാട്ടുകള്‍ ‘. രാമച്ചപ്പണിക്കര്‍ പാട്ട്, കണ്ടര്‍മേനോര്‍പ്പാട്ട് എന്നിവ ചാവേര്‍പ്പാട്ടുകളില്‍ മുഖ്യങ്ങളാണ്. കാടഞ്ചേരി നമ്പൂതിരി രചിച്ച ‘മാമാങ്കം കിളിപ്പാട്ട് എന്ന കൃതിയും പ്രശസ്തമാണ്.