മാന്ത്രികയന്ത്രങ്ങളില്‍ ഒരിനം. അക്കവിട്ടം, അക്കപ്പടം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അക്കപ്പട്ടികകളാണ് മാന്ത്രികചതുരങ്ങള്‍. ‘മാജിക് സ്‌ക്വയര്‍’ എന്നാണ് പാശ്ചാത്യര്‍ പറയുക. മന്ത്രവാദങ്ങളുടെ ഇടയില്‍ ഈ വ്യവഹാരമില്ല. മാന്ത്രികഫലസിദ്ധിക്കുവേണ്ടി എഴുതപ്പെടുന്നതിനാല്‍ മറ്റുള്ളവര്‍ അങ്ങനെ വ്യവഹരിക്കുന്നുവെന്നു മാത്രം. മാന്ത്രികചതുരങ്ങള്‍ ഗണിതശാസ്ത്രത്തിലെ രസാവഹമായ അധ്യായമായിത്തീര്‍ന്നിട്ടുണ്ട്. സാധാരണമായി മാന്ത്രികചതുരങ്ങള്‍ പതിനാറ് കള്ളികള്‍ ഉള്ളതാണ്. എന്നാല്‍, ഒന്‍പത് കള്ളികളുള്ള മാന്ത്രികചതുരങ്ങളുണ്ട്. ഓരോ മാന്ത്രികചതുരത്തിനും പ്രത്യേക ഫലസിദ്ധിയുണ്ടെന്നാണ് മാന്ത്രിക വിദ്യാശാസ്ത്രം സൂചിപ്പിക്കുന്നത്. മാന്ത്രികചതുരത്തിലെ കോഷ്ഠങ്ങളെ വേര്‍പ്പെടുത്തി വിന്യസിച്ചാലും ഓരോന്നിലെയും സംഖ്യ മാന്ത്രികചതുരത്തിന്റെ സംഖ്യ തന്നെയായിരിക്കും.