ഒരുതരം ഭാഷാവിനോദം. നാക്കുപിഴകള്‍കൊണ്ട് സംഭവിക്കുന്ന അക്ഷരത്തെറ്റുകളോ, അക്ഷരമാറ്റങ്ങളോ വിനോദോപാധികളായിത്തീരും. ‘നരകം’എന്ന പദം ‘നകരം’എന്നും,’തുടര്’ എന്നത് ‘തുരട്’ എന്നും ഉച്ചരിക്കപ്പെടുമ്പോള്‍ ചിരിക്കും വക നല്‍കും.ഇങ്ങനെ ഉച്ചരിക്കപ്പെടുന്ന പദങ്ങള്‍ മിക്കതും അര്‍ത്ഥശൂന്യങ്ങളാകാം. അകലം എന്നത് ‘അലകം’ എന്നും, ഉച്ചരിച്ചുപോകാറുണ്ട്. രണ്ടു പദങ്ങളുടെ ആദ്യക്ഷരങ്ങള്‍ അന്യോന്യം മാറി ഉച്ചരിച്ചു പോകാറുണ്ട്. ‘മറിച്ചു ചൊല്ലി’ന് ദൃഷ്ടാന്തമാണത്. ‘മറിച്ചു ചൊല്ലുക’ എന്നത് ‘ചൊറിച്ചു മല്ലുക’ എന്ന് പറയുമ്പോള്‍ അതില്‍ ആദ്യക്ഷരങ്ങള്‍ മാറിപ്പോകുന്നു. ‘പിണ്ണാക്കും ചുണ്ണാമ്പും’ എന്ന് ഉച്ചരിക്കേണ്ടി വരുമ്പോള്‍ ചിലപ്പോള്‍ ‘ചുണ്ണാക്കും പിണ്ണാമ്പും’ എന്ന് ഉച്ചരിച്ചുപോയേക്കാം. ഇത്തരം ‘മറിച്ചുചൊല്ലു’കളെ ഇംഗ്‌ളീഷില്‍ ‘സ്പൂണറിസം’ എന്നാണ് പറയാറുള്ളത്.