കോട്ടയം, ഇടുക്കി, കൊല്ലം, എന്നീ ജില്ലകളിലെ മലവര്‍ഗക്കാരായ ഉള്ളാടന്‍മാരുടെ തലവന്റെ സ്ഥാനപ്പേര്. പാരമ്പര്യമുറയ്ക്കാണ് ‘മൂട്ടുകാന്നി’ സ്ഥാനം ലഭിക്കുന്നത്. ഒരു മൂട്ടുകാണി മരിച്ചാല്‍ അയാളുടെ മകനാണ് മൂട്ടുകാണിയാകേണ്ടത്. ഈ വര്‍ഗത്തലവന്റെയും കുടുംബത്തിന്റെയും ചെലവ് മറ്റുള്ളവരാണ് വഹിക്കേണ്ടത്. മൂട്ടുകാണി, വെളിച്ചപ്പാടുകൂടിയാണ്. ദേവതകള്‍ ആവേശിച്ച് അയാള്‍ തുള്ളും. അനര്‍ഥങ്ങളും, രോഗങ്ങളും ഉണ്ടാകാനുള്ള കാരണവും പരിഹാരമാര്‍ഗവുമെന്തന്ന് അരുളപ്പാടുണ്ടാകും. ദേവതകളെ തൃപ്തിപ്പെടുത്തേണ്ടത് മൂട്ടുകാണിയുടെ കടമയാണ്. വിവാഹം, മരണം തുടങ്ങിയ എല്ലാ ക്രിയകള്‍ക്കും മൂട്ടുകാണിയാണ് സാരഥ്യം വഹിക്കുക. മന്നാര്‍മാരുടെ തലവനെയും ‘മൂട്ടുകാണി’ എന്നു വിളിക്കാറുണ്ട്. മലയരയന്‍, മുതുവന്‍മാര്‍ തുടങ്ങിയവര്‍ക്കിടയിലും ‘മൂട്ടുകാണി’മാരുണ്ട്.