കാളിയുടെ ആരാധനാക്രമങ്ങളില്‍ മുഖ്യമാണ് പാന. വള്ളുവനാട്, പൊന്നാനി, എറനാട്, കൊച്ചി, തൃശൂര്‍ , പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഭദ്രകാളിക്കാവുകളിലും അപൂര്‍വ്വമായി ഹൈന്ദവഗൃഹങ്ങളിലും നടത്തിവരുന്ന അനുഷ്ഠാനകലയാണിത്. ദേശക്കാരെല്ലാം സഹകരിച്ചു നടത്തേണ്ട ഉല്‍സവമായതിനാല്‍ അതിനെ ദേശപ്പാന എന്നും പറയാറുണ്ട്. നൃത്തം, പാനപിടുത്തം എന്നിങ്ങനെ പാനയ്ക്ക് പല പേരുകളുമുണ്ട്.

അലങ്കരിച്ച പന്തലില്‍ വെച്ചാണ് പാന നടത്തേണ്ടത്. പാനപ്പന്തലിന് അറുപത്തിനാലു കാലുകള്‍ വേണമെന്നാണ് നിശ്ചയം. പന്തല്‍ക്കാലുകളും പടങ്ങളുമൊക്കെ പാലകൊണ്ടുള്ളതായിരിക്കണം. കുരുത്തോല കുലവാഴ മുതലായവകൊണ്ട് പന്തല്‍ അലങ്കരിക്കണം. നാലു മുഖങ്ങളും നാലു തട്ടകങ്ങളുള്ളതാണ് പഠനപ്പന്തല്‍. മധ്യത്തിലുള്ള പതിനാറു കാലിനുള്ളിലാണ് ഭദ്രകാളിത്തട്ടകം. അതിനുകിഴക്ക് വേട്ടയ്‌ക്കൊരു മകന്‍ തട്ടകവും വടക്ക് ശാസ്താവിന്റെ തട്ടകവും തെക്ക് വാദ്യക്കാര്‍ക്കുള്ള തട്ടകവും പടിഞ്ഞാറുഭാഗം കാണികള്‍ക്ക് നില്‍ക്കുവാനുള്ളതുമാണ്.

പന്തല്‍ ശുദ്ധിവരുത്തിയശേഷം പാലക്കൊമ്പ് എഴുന്നള്ളിക്കും. വാദ്യഘോഷത്തോടുകൂടി പാലവൃക്ഷത്തിനടുത്തുചെന്ന് പാലക്കൊമ്പുകൊണ്ടുവരും. പാനപ്പന്തലില്‍ ഭദ്രകാളിത്തട്ടകത്തിന്റെ മധ്യത്തില്‍ പ്രത്യേകം പണിത തറയിലാണ് പാലക്കൊമ്പു നാട്ടുക.

തിരിയുഴിച്ചില്‍ പാനയുടെ ഒരു മുഖ്യചടങ്ങാണ്. കൈയില്‍ ജ്വലിക്കുന്ന തിരികളും പന്തങ്ങളുമായി നര്‍ത്തനം ചെയ്തുകൊണ്ടാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്. പാനയ്ക്ക് കേളിക്കൈ കൊട്ടുന്ന പതിവുണ്ട്. കളിപ്പാന, പള്ളിപ്പാന എന്നിങ്ങനെ പാന രണ്ടുതരമുണ്ട്. ഒരുപകല്‍കൊണ്ട് അവസാനിക്കുന്നത് കളിപ്പാനയും ഒരു രാപ്പകല്‍കൊണ്ട് കഴിക്കുന്നത് പള്ളിപ്പാനയുമാണ്.

പാനോല്‍സവത്തിന് ഒരു മണ്ഡലക്കാലം മുന്‍പേ പാനക്കാര്‍ വ്രതമെടുത്ത് പരിശീലനം തുടങ്ങും. വാദ്യക്കാറും നൃത്തക്കാരും തോറ്റം പാടുന്നവരും ചേര്‍ന്നുകൊണ്ടുള്ള ആപരിശീലനത്തിന് ഇടപ്പാന എന്നാണു പറയുന്നത്.

നായന്‍മാരും മറ്റും നടത്തുന്ന പാനയുടെ രീതിയാണ് ഇവിടെ പ്രസ്താവിച്ചത്. പാട്ടുകുറുപ്പന്മാരുടെ രീതിയില്‍ ചില വ്യത്യാസങ്ങള്‍ കാണാം, കുറുപ്പന്മാര്‍ പാനക്കളമായിടുന്നത് അഷ്ടകോണ്‍കളാണ്. പടയണിയുമായി ബന്ധപ്പെടും പാന പതിവുണ്ട്.

ഭദ്രകാളിക്കെന്നപോലെ ചാത്തന്‍, പറക്കുട്ടി, കരിങ്കുട്ടി എന്നിവര്‍ക്കും മറ്റുചില സമുദായക്കാര്‍ പാന നടത്താറുണ്ട്. അതിന്റെ ചടങ്ങുകള്‍ക്ക് വ്യത്യാസമുണ്ടായിരിക്കും.