പാലക്കാടു ജില്ലയിലെ പാണന്മാര്‍ അവതരിപ്പിക്കുന്ന കലാനിര്‍വഹണം. മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും പാങ്കളി നടപ്പുണ്ട്. വിനോദപരമായ ഒരു കലാപ്രകടനമാണെങ്കിലും ആദ്യഭാഗത്ത് അനുഷ്ഠാനബന്ധം കാണാം. ചില ഭദ്രകാളി ക്ഷേത്രങ്ങളില്‍ വേലയ്ക്കു പതിനാലു ദിവസം നടത്തുന്ന ഏഴുവട്ടം കളി പാണന്മാരാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് അതിനെ പങ്കാളി എന്നു പറയും. ഒരേ കളിതന്നെ ഏഴുവട്ടം ആവര്‍ത്തിക്കുന്നതുകൊണ്ടാണ് ആ പേര്‍ പറയുന്നത്.

തെക്കത്തിനാടകം., തെക്കനും തെക്കത്തിയും എന്നീ പേരുകളിലും അത് അറിയപ്പെടുന്നു. കൊയ്ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ വെച്ചോ, ക്ഷേത്രപരിസരങ്ങളില്‍വെച്ചോ, കലാപ്രകടനം നടത്തും. സ്ത്രീവേഷം കെട്ടുന്നത് പുരുഷന്മാരാണ്. സ്ത്രീകഥാപാത്രം മാത്രമുള്ള കളിയുമുണ്ട്. വേഷക്കാര്‍ പാട്ടുപാടുകയും. സംഭാഷണം നടത്തുകയും ചെയ്യും. വിദൂഷകവേഷത്തിലുള്ള ഒരു പൊറാട്ടുകാരനാണ് കഥാഗതി നിയന്ത്രിക്കുന്നത്. തെക്കന്‍, തെക്കത്തി, മണ്ണാന്‍, മണ്ണാത്തി തുടങ്ങിയ പല വേഷങ്ങളും രംഗത്തുവരും. പാങ്കളിക്ക് ചെറിയ മദ്ദളം , ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങള്‍ ആവശ്യമാണ്.