ഒരു നാടന്‍വിനോദം ഏണിയും പാമ്പും എന്നും പറയും. സംഭാവ്യതാസിദ്ധാന്തത്തിന് ഒരു ഉദാഹരണമാണിത്. നൂറ് കോളങ്ങള്‍ ഉള്ളതാണ് കളിക്കളം. ചിലര്‍ എണ്‍പത്തൊന്ന് കോളങ്ങളുള്ള കളമാണ് ഉപയോഗിക്കുന്നത്. രണ്ടുപേര്‍ക്ക് കളിയില്‍ പങ്കെടുക്കാം. ഓരോരാള്‍ക്കും നന്നാല് കരുക്കള്‍ ഉണ്ടാകും. ആറു വശങ്ങളിലും യഥാക്രമം ഒന്നുമുതല്‍ ആറുവരെയുള്ള സംഖ്യ സൂചിപ്പിക്കുന്ന അടയാളങ്ങളുള്ള ഒരു സമചതുരക്കട്ടയുണ്ടാവും. അത് ഒരു പാട്ടയിലോ, ഗ്‌ളാസിലോ ഇട്ട് കുലുക്കി, നിലത്തുകുത്തും. ചതുരക്കട്ടയുടെ മുകള്‍വശത്തു സൂചിപ്പിക്കുന്ന സംഖ്യയുള്ള കള്ളിയിലാണ് കരുവയ്‌ക്കേണ്ടത്. പല കോളങ്ങളിലും വ്യാപിക്കത്തക്കവിധമാണ് പാമ്പിന്റെയും ഏണിയുടെയും ചിത്രങ്ങളുണ്ടാവുക. ഏണിയുടെ ഏതെങ്കിലും ഭാഗം സ്പര്‍ശിക്കുന്ന കോളത്തിലെ നമ്പറാണ് വന്നതെങ്കില്‍ ആ ഏണിയുടെ അറ്റംവരെ കരുക്കള്‍ കയറ്റാം. പാമ്പിന്റെ ഭാഗമുള്ള കള്ളിയിലാണെങ്കില്‍ താഴെക്കിറങ്ങുകയാണ് ചെയ്യക. വളരെ പെട്ടെന്നായിരിക്കും പാമ്പിലൂടെയുള്ള ഇറക്കവും ഏണിയിലൂടെയുള്ള കയറ്റവും സംഭവിക്കുന്നത്. ജീവിതത്തിലുണ്ടാവുന്ന ജയപരാജയങ്ങളുടെ പ്രതിരുപാത്മകമായ ഒരാവിഷ്‌കാരമാണ് ഇത്.