ഭഗവതിക്കാവുകളിലും മറ്റും നടത്തുന്ന ഒരു വഴിപാട്. സമ്പന്ന കുടുംബങ്ങളില്‍ നിന്നും ആണ്ടുതോറും ക്ഷേത്രത്തിലേക്ക് നെല്ലും അരിയും സംഭാവനചെയ്യുന്ന ചടങ്ങാണ് പറയെടുപ്പ്. കാവുകളില്‍ നിന്ന് വെളിച്ചപ്പാടും പഠനക്കാരും വാദ്യഘോഷത്തോടുകൂടി നിശ്ചിത ഗൃഹങ്ങളില്‍ചെന്ന് നിറപറ സ്വീകരിക്കും. ഗൃഹങ്ങളില്‍ പ്രത്യേകസ്ഥലത്ത് കുരുത്തോലയും മറ്റും അലങ്കരിച്ച് വിളക്കുവെച്ച്, പറയിലും ഇടങ്ങഴിയിലും നിറയെ നെല്ലും നാഴിയില്‍ അരിയും തയ്യാറാക്കിവെച്ചിരിക്കും. എഴുന്നള്ളിച്ചുപോയവരെ യഥാവിധി സല്‍ക്കരിക്കും. വെളിച്ചപ്പാട് നിയോഗം വന്ന് തുള്ളുകയും അരുളപ്പാട് നടത്തുകയും ചെയ്യും. അതിനുശേഷം ആഘോഷപൂര്‍വ്വം എല്ലാവരും തിരിച്ചുപോകും. തൃശൂര്‍ തുടങ്ങിയ മധ്യകേരളപ്രദേശങ്ങളിലാണ് പറയെടുപ്പിന് കൂടുതല്‍ പ്രചാരം കാണുന്നത്.

പറയെടുപ്പു കൂടാതെ, നടത്തിപ്പറ എന്നൊരേര്‍പ്പാടുകൂടി ചില പ്രദേശങ്ങളില്‍ കാണാം. ഭഗവതിയുടെയും മറ്റും വിഗ്രഹങ്ങള്‍ ആഘോഷപൂര്‍വ്വം എഴുന്നളളിച്ചുകൊണ്ടുപോകുന്ന സന്ദര്‍ഭത്തില്‍ ഗൃഹങ്ങളില്‍ നിറപറവെച്ച് സ്വീകരിക്കും. ആ നിറപറയും കാവുകളിലേക്കുള്ളതാണ്. ഈ ചടങ്ങിന് നടത്തിപ്പറ എന്നാണ് പേര്‍ പറയുന്നത്. പറയെടുപ്പും നടത്തിപ്പറയും കൊണ്ടാണ് പല കാവുകളുടെയും ക്ഷേത്രങ്ങളുടെയും ഭരണം നടത്തിപ്പോരുന്നത്.

വിളവെടുപ്പിനുശേഷമാണ് കാവുകളില്‍ പറയെടുപ്പ് നടത്തുന്നത്. അനുഷ്ഠാനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും കൃഷിയുമായുള്ള ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.