പഴുത്ത അടയ്ക്കകൊണ്ടുള്ള ഒരു അലങ്കരണം. ഉത്തരകേരളത്തിലെ ചില കോട്ടങ്ങളിലും കാവുകളിലും ഉത്സവത്തിന് പഴുക്കകള്‍കൊണ്ട് തൂണുകള്‍ അലങ്കരിക്കാറുണ്ട്. തൂണുകള്‍ക്ക് വാഴപ്പോളകള്‍ വെച്ചുകെട്ടിയശേഷം, വാഴനാരുകളില്‍ കോര്‍ത്ത പഴുക്കകള്‍ തൂണുകളില്‍ ചുറ്റി അലങ്കരിക്കും. രാമന്തളിയിലെ താവുരിയാട്ടു കോട്ടത്തും, ചെറുകുന്നിലെ ഉദയന്‍ മാടത്തും, മാതമങ്ങലത്തെ കുശവര്‍കോട്ടത്തും, കണ്ടങ്കാളിയിലെ പൂന്തുരുത്തിക്കോട്ടത്തും കളിയാട്ട മഹോത്സവത്തിന് പഴുക്കാത്തുണ് സജ്ജമാക്കാറുണ്ട്. താന്ത്രികക്രിയകള്‍ക്കും പഴുക്കാത്തൂണ് വേണമെന്നുണ്ട്. തന്ത്രസമുച്ചയാദികൃതികളില്‍ പുഗസ്തംഭത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. താന്ത്രികക്രിയകള്‍ക്കും ഉത്സവാദികള്‍ക്കും വിധിക്കപ്പെട്ട ഒരു അലങ്കരണപദ്ധതിയാണിതെന്ന് വ്യക്തം. കലശപൂജയ്ക്കുള്ള വേദികള്‍ അലങ്കരിക്കുവാന് നാലു മൂലകളിലും പഴുക്കാത്തൂണ് പതിവുണ്ടായിരുന്നു.