പൂര്‍വികാരാധന. പരേതാത്മാക്കളുടെ പ്രീതികൊണ്ട് മറ്റുള്ളവര്‍ക്കു ശ്രേയസ്‌സുണ്ടാകുമെന്ന വിശ്വസവും അവരോടുള്ള സ്‌നേഹാദരങ്ങളും പൂജ്യപൂജാവ്യതിക്രമമുണ്ടായാല്‍ അനര്‍ത്ഥമുണ്ടാകുമെന്ന ഭയവുമാണ്. പിതൃപൂജയുടെ അടിസ്ഥാനം. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ മാത്രമല്ല, പരിഷ്‌കൃതസമൂഹങ്ങള്‍ക്കിടയിലും പലവിധ പിതൃപൂജാക്രമങ്ങള്‍ നിലവിലുണ്ട്. പൂര്‍വ്വികാരായ പിതൃക്കളെ ദേവതകളായി പ്രത്യേക സ്ഥാനങ്ങളില്‍ കുടിയിരുത്തി ആരാധന നടത്തുന്നവരുമുണ്ട്. ഉത്തരകേരളത്തില്‍ പരേതരായ പൂര്‍വികരുടെ കോലം കെട്ടിയാടുന്ന പതിവുണ്ട്.

പിതൃപ്രീതിക്കുവേണ്ടി ഹൈന്ദവരില്‍ മിക്ക സമുദായക്കാരും ശ്രദ്ധം ഊട്ടാറുണ്ട്. ചാവിനു വിളമ്പല്‍ എന്ന ചടങ്ങും പിതൃക്കളെ ഉദ്ദേശിച്ചുള്ളതാണ്.

ഗൃഹസ്ഥന്മാര്‍ ചെയ്യേണ്ട പഞ്ചമഹായജ്ഞങ്ങളിലൊന്നാണ് പിതൃയജ്ഞം. അന്നം, ജലം, തര്‍പ്പണം എന്നിവയാല്‍ പിതൃതൃപ്തി വരുത്തുന്നതാണ്. പിതൃയജ്ഞം പിതൃ എന്നാല്‍ രക്ഷിക്കുന്നവര്‍ എന്നാണര്‍ത്ഥം. പിതൃപൂജയുടെ പ്രാധാന്യം അതു സൂചിപ്പിക്കുന്നു.