തുള്ളലിന്റെ ഒരു വകഭേദം. മുഖത്ത് മഞ്ഞതേച്ച്, കണ്ണും പുരികവുമെഴുതി, ചുണ്ട് ചുകപ്പിക്കും. ശരീരത്തില്‍ കളഭം തേക്കും. വെളുത്തതുണിക്കച്ചയുടുപ്പ്, തലയില്‍ കറുത്ത തുണികൊണ്ടുള്ള കൊണ്ടകെട്ടും. കുരുത്തോലകൊണ്ടുള്ള പൂക്കള്‍ തലയിലും മാറിലും കൈകളിലും അണിയും. ഇതാണ് വേഷവിധാനം. ‘ശീതങ്ക’നെപ്പറ്റി തുള്ളല്‍പ്പാട്ടുകളില്‍ പ്രത്യേക പരാമര്‍ശമില്ല.’ശ്രീരംഗന്‍’ എന്ന സംസ്‌കൃത പദത്തില്‍നിന്നാണ് ശീതങ്കന്‍ എന്ന പദം ഉണ്ടായതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. കുട്ടനാട്ടിലെ പുലയര്‍ക്കിടയില്‍ ശീതങ്കന്‍ എന്ന പേര് സാധാരണമാണെന്നും, അവരുടെ തുള്ളലിന്റെ പേരാണിതെന്നും മറ്റൊരഭിപ്രായം. പടേനിയില്‍ ശീതങ്കന്‍ എന്ന വേഷമുണ്ടെന്നും, അത് ഒരു വേട്ടക്കാരന്‍ ദേവതയാണെന്നും വേറെ ചിലരുടെ പക്ഷം.