മരിച്ചവര്‍ക്കുവേണ്ടി ചെയ്യുന്ന കര്‍മം. ഒരുതരം പിതൃപൂജയെന്നോ, പരേതാരാധനയെന്നോ ഇതിനെ വിശേഷിപ്പിക്കാം. ‘ചാത്തം’ എന്ന തത്ഭവരൂപമാണ് വ്യവഹാരഭാഷയില്‍. ശ്രദ്ധയോടെ ചെയ്യേണ്ടകര്‍മമാണ് ശ്രാദ്ധം. തലേദിവസം മുതല്‍ വ്രതമെടുത്തിരിക്കണം. അന്നമൂട്ടല്‍, ബലി എന്നിവ ശ്രാദ്ധത്തിന്റെ പ്രത്യേകതകളാണ്. ബന്ധുക്കളെയോ, സുഹൃത്തുക്കളയോ ശ്രാദ്ധക്കാരായി ക്ഷണിച്ച് അന്നമൂട്ടരുതെന്നാണ് നിയമം. ഉച്ചയ്ക്കുശേഷമാണ് ശ്രാദ്ധകാലം. മരിച്ചദിവസത്തെ തിഥിയോ, നക്ഷത്രമോ കണക്കിലെടുത്താണ് ആണ്ടുതോറും ചാത്തമൂട്ടുന്നത്. ചോറ്, എള്ള്, തേന്‍, ദര്‍ഭ, പാല് തുടങ്ങിയവ ശ്രാദ്ധകര്‍മത്തിന് ആവശ്യമാണ്. തെക്കോട്ടു തിരിഞ്ഞിരുന്നാണ് പിതൃകര്‍മം ചെയ്യുന്നത്.