ഓരോ ഗ്രാമത്തിനും ഓരോ ദേശത്തിനും അതിന്റേതായ ചരിത്രമുണ്ട്. അവയൊന്നും രാജ്യചരിത്രം പോലെയോ, ലോകചരിത്രം പോലെയോ, മഹാന്മാരുടെ ജീവചരിത്രം പോലെയോ രേഖപ്പെടുത്താറില്ല. തലമുറകളായി അവ പകര്‍ന്നുവരുന്നു. കാലംകഴിയുംതോറും അവയില്‍ ചില അംശങ്ങള്‍ നഷ്ടപ്പെടും. പുതിയ പല അംശങ്ങളും അവയില്‍ കൂടികലര്‍ന്ന് അവ ഗ്രാമീണപുരാവൃത്തങ്ങളുടെ രൂപം കൊള്ളാം. പ്രാചീന ചരിത്രത്തിലേക്കും പ്രാക്തനജനങ്ങളുടെ സാമൂഹിക ജീവിതത്തിലേക്കും സമുദായ വ്യവസ്ഥയിലേക്കും മാത്രമല്ല, ജനങ്ങളുടെ മതവിശ്വാസങ്ങള്‍, ആരാധനകള്‍ മുതലായവയിലേക്കും സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളിലേക്കും മറ്റും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.