സ്ഥലപുരാണങ്ങളെ സംബന്ധിച്ച സത്യസന്ധമായ അന്വേഷണം വിജ്ഞാനപ്രദമായ ഒരു പഠനശാഖയാണ്. ചരിത്രത്തിലേക്കും അത് വെളിച്ചം പകരുന്നു. ഓരോ ഗ്രാമത്തിനും ഓരോ ദേശത്തിനും അതിന്റേതായ ചരിത്രമുണ്ട്. അവയൊന്നും രാജ്യചരിത്രം പോലെയോ, ലോകചരിത്രം പോലെയോ, മഹാന്മാരുടെ ജീവചരിത്രം പോലെയോ രേഖപ്പെടുത്തിവയ്ക്കാറില്ല. സാമാന്യജനങ്ങളുടെ ചുണ്ടുകളിലാണ് ആവക ചരിത്രം ജീവിക്കുന്നത്. തലമുറകളായി അവ പകര്‍ന്നുവരുന്നു. കാലംകഴിയുംതോറും അവയില്‍ ചില അംശങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വരാം. പുതിയ പല അംശങ്ങളും അവയില്‍ കൂടികലര്‍ന്ന് അവ ഗ്രാമീണപുരാവൃത്തങ്ങളുടെ രൂപം കൈകൊണ്ടുവെന്നും വരാം.

സ്ഥലനാമങ്ങള്‍ പലതരം ചിന്തകള്‍ക്ക് വഴിയൊരുക്കുന്നു. പ്രാചീന ചരിത്രത്തിലേക്കും പ്രാക്തനജനങ്ങളുടെ സാമൂഹിക ജീവിതത്തിലേക്കും സമുദായ വ്യവസ്ഥയിലേക്കും മാത്രമല്ല, ജനങ്ങളുടെ മതവിശ്വാസങ്ങള്‍, ആരാധനകള്‍ മുതലായവയിലേക്കും സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളിലേക്കും മറ്റും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നവയാണ് സ്ഥലനാമങ്ങള്‍. ചരിത്രപരമോ ഐതിഹ്യാധിഷ്ഠിതമോ ആയ സങ്കല്‍പങ്ങള്‍ അവയ്ക്കു പിന്നിലുണ്ടായിരിക്കും. സ്ഥലസംജ്ഞകളുടെ പശ്ചാത്തലമായ കഥകളും ഐതിഹ്യങ്ങളും സങ്കല്‍പങ്ങളും അറിയുകയെന്നത് നാടന്‍വിജ്ഞാനപഠനത്തിന്റെ ഒരു ഭാഗം കൂടിയാണ്.