ഭദ്രകാളിത്തീയാട്ട് നടത്തുന്ന ഒരു അന്തരാള വിഭാഗം. പഴയ തിരുവിതാംകൂര്‍– കൊച്ചി പ്രദേശത്താണ് തീയാട്ടുണ്ണികള്‍ എറെയും. പരശുരാമനില്‍നിന്നും ഇടതുകൈ കൊണ്ട് പന്തം വാങ്ങിയതിനാല്‍ ബ്രാഹ്മണരില്‍നിന്നും വേര്‍തിരിച്ചു നിറുത്തപ്പെട്ട ‘ഉണ്ണി’യെ ഉപനയനം, സമാവര്‍ത്തനം, വേളി എന്നിവ കഴിപ്പിച്ച് ക്ഷേത്രപരിസരത്തുതന്നെ മഠം കെട്ടി താമസിപ്പിക്കുകയും, എല്ലാ തിരുവാതിരയ്ക്കും തൃക്കാരിയൂര്‍ ക്ഷേത്രത്തില്‍ ദീപാരാധനയ്ക്കുശേഷം പന്തം ഉഴിക്കേണ്ട അവകാശം ആ ഉണ്ണിക്ക് നല്‍കുകയും ചെയ്തു. പന്തം ഉഴിച്ചില്‍ എന്ന അനുഷ്ഠാനകര്‍മം കലാനിര്‍വഹണത്തിലൂടെയുള്ള ഉപാസനാമാര്‍ഗമായി. ഉപനയനം,സമാവര്‍ത്തനം തുടങ്ങിയ സംസ്‌കാരക്രിയകള്‍ ഉണ്ണികള്‍ക്കുണ്ട്. ബൗധായനച്ചടങ്ങാണ് കര്‍മങ്ങള്‍ക്കവലംബം. മരിച്ചാല്‍ പന്ത്രണ്ടാംദിവസം പിണ്ഡവും പതിമൂന്നാം ദിവസം സപിണ്ഡിയും നടത്തും.