പെണ്‍കുട്ടികള്‍ ആദ്യമായി ഋതുവായാല്‍ നടത്തുന്ന ചടങ്ങുകളും അടിയന്തിരങ്ങളുണ്ട്. അതിനു തിരണ്ടുമങ്ങലം, തിരണ്ടുകല്യാണം എന്നീ പേരുകളാണ് പറയുക. പെണ്‍കുട്ടികളെ സംബന്ധിച്ച മുഖ്യകര്‍മ്മമാണ്. പാണന്‍, പുള്ളുവന്‍,വേലന്‍, മുക്കുവന്‍, കണിയാന്‍,കമ്മാളര്‍,പറയര്‍,പുലയര്‍,വിഷവര്‍, ഊരാളികള്‍, പളിയര്‍ കൊച്ചുവേലര്‍,മുതുവര്‍,മലങ്കുറവന്‍ തുടങ്ങിയ പല സമുദായക്കാര്‍ക്കിടയിലും തിരണ്ടുകല്യാണം പതിവുണ്ട്. ദേശഭേദവും സമുദായഭേദവും അനുസരിച്ച് തിരണ്ടുകുളിക്കും ആശൗചം ദീക്ഷിക്കുന്ന ദിനസംഖ്യയ്ക്കും വ്യത്യാസം കാണാം.

ഈഴവര്‍ക്കിടയില്‍ പന്ത്രണ്ടാം ദിവസമാണ് തിരണ്ടുമങ്ങലം നടത്തുക. ഈഞ്ചയും താളിയുമായി അകമ്പടിയോടും ആര്‍പ്പുവിളിയോടും കൂടിയാണ് തിരണ്ടു പെണ്ണ് നീരാട്ടിനു പോകുന്നത്. കുരുത്തോലകൊണ്ടുള്ള മെയ്യാഭരണങ്ങള്‍ അണിയിച്ച് മണ്ണാന്‍മാര്‍ ‘ചടങ്ങുപാട്ട്’ പാടും. സന്ധ്യയോടെ വീണ്ടും കുളിക്കണം. പിന്നെ സ്വര്‍ണാഭരണങ്ങള്‍ അണിയിക്കും.രാത്രിയില്‍ ഈഴവാത്തിപ്പെണ്ണുങ്ങള്‍ പാട്ടുപാടും. ‘ചമഞ്ഞുപാട്ട്’ എന്നാണ് അതിനു പേര്‍. അമ്മാനക്കായ്‌കൊണ്ടുള്ള കളിയും പതിവുണ്ട്. രാവിലെ തുടങ്ങുന്ന ചടങ്ങുകള്‍ പിറ്റേന്നാള്‍ പ്രഭാതം വരെ നീണ്ടുനില്‍ക്കും.

ഉത്തരകേരളത്തിലെ പുലയര്‍ക്കിടയില്‍ തിരണ്ടുമങ്ങലത്തിന് രസാവഹമായ പല ചടങ്ങുകളുമുണ്ട്. മെയ്തിരണ്ടാല്‍ കലത്തില്‍ വെള്ളമെടുത്ത് തലയില്‍ നീരാടി,മനതൊടാതെ മണ്ണകം പൂകിയിരിക്കണം. ഏഴാം ദിവസമേ ആ ‘ശൂന്യപ്പുല’ നീങ്ങുകയുള്ളു. ഏഴുദിവസവും തിരണ്ടപെണ്ണ് കുളിക്കണം. ഏഴാം ദിവസം രാവിലെ

വീടിന്റെ മുന്‍പില്‍ വലിയൊരു വാകക്കൊമ്പു കുഴിച്ചിട്ട് ചില കര്‍മ്മങ്ങള്‍ നടത്തും. ‘വാകകര്‍മം’ എന്നാണ് അതിനുപേര്‍. മലയികള്‍ തിരണ്ടാല്‍ തലയില്‍ തുണിയിട്ട് അകത്തിരിക്കണമെന്നാണ് പണ്ടുള്ള നിശ്ചയം. മല്‍സ്യം,ഉപ്പ് എന്നിവ അവള്‍ക്കു കൊടുക്കുകയില്ല. തിരണ്ടപെണ്ണ്കിടക്കുന്നതിന്റെ തലഭാഗത്ത് തെങ്ങിന്‍ പൂക്കുല വയ്ക്കും. അഞ്ചാം ദിവസമാണ് തിരണ്ടുകുളി. സഹോദരനും ഒപ്പം കുളത്തില്‍ച്ചെന്ന് ആദ്യം ഗംഗയുണര്‍ത്തും.