ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി തുടങ്ങിയ ഉല്‍സവ വേളകളില്‍ നടത്താറുള്ള വിനോദം. ഒരു കുടത്തില്‍ പാലു നിറച്ച് വായ പൊതിഞ്ഞുകെട്ടി ഒരു മരക്കൊമ്പില്‍ തൂക്കിയിടും. കുടം ഇഷ്ടാനുസരണം താഴ്ത്തുവാനും ഉയര്‍ത്തുവാനും കഴിയുമാറ് കയറിന്റെ മറുതല ഒരു കപ്പിയിലൂടെയിട്ട് ഒരാള്‍ പിടിച്ചിരിക്കും. ശ്രീകൃഷ്ണനെന്ന സങ്കല്‍പത്തില്‍ ഒരാള്‍ രംഗത്തുവന്ന് നില്‍ക്കും. അയാള്‍ ഉറിയാട്ടും. വടിയെടുക്കുമ്പോഴേക്കും കലം ഉയരും. പിന്നെ കലം എത്തിപ്പിടിക്കാനുള്ള ശ്രമമാണ്. അതൊരു നര്‍ത്തന തന്നെയാണ്. വാദ്യമേളവും ഉണ്ടായിരിക്കും.

തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണിക്ക് ഉറിയടിക്കളി പതിവുണ്ട്. വടയാറ്റുകോട്ട ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉറിയടി മഹോല്‍സവം പ്രസിദ്ധമാണ്. ഓണത്തിനും വിഷുവിനും അയ്യപ്പഭജനത്തിനുമൊക്കെ ഉറിയടി നടത്തുവാന്‍ ആരംഭിച്ചത് അടുത്തകാലത്താണ്. ശ്രീകൃഷ്ണനെ സംബന്ധിച്ച പാട്ടുകളാണ് ഉറിയടിക്കു പാടുക.ചിലേടങ്ങളില്‍ ഉറിയടിക്ക് പ്രത്യേകം ‘ഉറിയടിക്കോല്’ ഉണ്ടാക്കിക്കാണാം. ഇരുമ്പുകൊണ്ടോ, മരംകൊണ്ടോ ആണ് ഉറിയടിക്കോല് നിര്‍മിക്കുന്നത്.