പയറ്റുമുറകളിലൊന്ന്. ഉത്തരകേരളത്തിലെ പുലയര്‍ക്കിടയില്‍ ‘വടിപ്പയറ്റ്’ എന്നൊരു കായികാഭ്യാസപ്രകടനം പ്രചാരത്തിലുണ്ട്. അഞ്ചടിയില്‍ കുറയാത്ത നീളമുള്ള വടികള്‍ കൈയിലെടുത്തുകൊണ്ടാണ് പയറ്റ് നടത്തുക. ഇരുവര്‍ അന്യോന്യം മത്സരിച്ചുകൊണ്ടുള്ളതാണ് ആ പ്രകടനം. ഒരാള്‍ അടിക്കുമ്പോള്‍ മറ്റേയാള്‍ തടുക്കും. ഇപ്രകാരം അഞ്ചോ ആറോ ജോഡി കളിക്കാര്‍ ഉണ്ടാകും. പറവാദ്യത്തോടുകൂടിയാണ് വടിപ്പയറ്റ് ആരംഭിക്കുന്നത്. മാടായിക്കാവില്‍ പുരോത്സവത്തോടനുബന്ധിച്ച് പുലയരുടെ വടിപ്പയറ്റ് പടിവുണ്ടായിരുന്നു. കുഞ്ഞിത്താവിന്റെ സമീപത്തുവെച്ചാണ് പതിവ്. വടുകുന്നില്‍ നിന്ന് കുളികഴിഞ്ഞ് കയറിയ അവസരമാണ് അത് നടത്തേണ്ടത്. വടിപ്പയറ്റിന് ‘ചൂരല്‍ കളി’ എന്നു പറയും. വലിയ ചൂരല്‍ കളിക്കുപയോഗിക്കുന്നതുകൊണ്ടാണ് ആ പേര്‍ വന്നത്. കളരിപ്പയറ്റില്‍ വടികൊണ്ടുള്ള അഭ്യാസപ്രകടനമുണ്ട്. അടിക്കുകയും തടുക്കുകയും ചെയ്യുവാന്‍ വടികൊണ്ട് സാധിക്കും.