വശീകരണാകര്‍ഷാദികളാല്‍ എല്ലാവരെയും വിധേയരാക്കുന്ന മാന്ത്രികക്രിയ. വശ്യപ്രയോഗം ഷട്കര്‍മങ്ങളിലൊന്നാണ്. യന്ത്രമന്ത്രൗഷധികളാല്‍ ചെയ്യുന്ന വശ്യക്രിയയത്രെ അത്. ലോകവശ്യം, രാജവശ്യം, സ്ത്രീവശ്യം, പുരുഷവശ്യം എന്നിങ്ങനെ വശ്യപ്രായോദം പലവിധമുണ്ട്.വശ്യകര്‍മത്തിന് വെളുത്തപക്ഷം വിധിച്ചതാണ്. ചതുര്‍ഥി, നവമി, ഷഷ്ഠി, ത്രയോദശി എന്നീ തിഥികളും, തിങ്കള്‍, വ്യാഴം എന്നീ ആഴ്ചകളും വശ്യകര്‍മം ചെയ്യാന്‍ ഉത്തമമത്രെ. ചുവന്ന പൂക്കള്‍ അതിന് ഉപയോഗിക്കണം. വശ്യത്തിന് മന്ത്രങ്ങളും യന്ത്രങ്ങളും അക്കപ്പട്ടങ്ങളുമുണ്ട്. വശ്യത്തിനുള്ള ചില ഓഷധപ്രയോഗങ്ങള്‍ എടുത്തുപറയാം. ദോരോചനം. താമരയില, അത്തിപ്പൂ, ഞാവല്‍പ്പൂ, ചന്ദനം ഇവ പൊടിച്ച് നെയ്യില്‍ മഷിയെടുത്ത് എഴുതുന്നത് അതിവശ്യത്തിനുള്ള പ്രയോഗമത്രെ. അശോകത്തിന്റെ വടക്കുപോയ വേരും കര്‍പ്പൂരവും തേനിലരച്ചു ലിമഗലേപനം ചെയ്താല്‍ ദേവസ്ത്രീപോലും വശ്യമാകുമെന്നും തൊട്ടാവാടി ഉരിയാടാതെ പറിച്ചുകൊണ്ടുവന്ന് നല്ലവണ്ണമരച്ച നെറ്റിക്ക് തിലകം തൊടുന്നത് സ്ത്രീകളെ വശീകരിക്കീനുള്ള മാര്‍ഗമാണെന്നും ചില ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചുകാണുന്നു. ‘മൈരോശികവും കാട്ടുകൊയീരെ മുള്ളും അരച്ച് മെയ്‌മേല്‍ പൂശുക’യെന്നത് സര്‍വവശ്യമത്രെ. ബ്രഹ്മാണ്ഡി, വയമ്പ്, കൊട്ടം എന്നിവ പൊടിച്ച് വെറ്റിലയില്‍ കൊടുത്താല്‍ ആരെയും ഇണക്കാന്‍ കഴിയും. പൂയം നക്ഷത്ര ദിവസം തഴുതാമവേരു പറിച്ച് മന്ത്രം ജപിച്ച് കൈയില്‍ കെട്ടിയാല്‍ സര്‍വവശ്യം സാധിക്കും. പൂവന്‍ കുറുന്തല്‍ നിഴലില്‍ ഉണക്കിപ്പൊടിച്ച് വെറ്റിലയില്‍ കൊടുക്കുന്നതും വശ്യപ്രയോഗമാണ്. കൂമന്റെ കണ്ണെടുത്ത് ഗോരോചനം ചേര്‍ത്ത് ജലത്തില്‍ കലക്കിക്കുടിക്കുന്നതും വശ്യപ്രയോഗമാണ്. വശ്യപ്രയോഗത്തില്‍ വശ്യകുറിക്ക് പ്രാധാന്യമുണ്ട്. ചില പ്രത്യേക സാധനങ്ങള്‍ അരച്ച് കുറി തൊട്ടാല്‍ വെറുക്കുന്ന ആളെ പോലും വശീകരിപ്പാന്‍ കഴിയുമെന്നാണ് വിശ്വാസം. വടക്കന്‍പാട്ടുകഥകളില്‍ വശ്യത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.