താളത്തെയും ഗണക്രമത്തെയും വ്യക്തമാക്കാന്‍ നാടന്‍പാട്ടുകളില്‍ വായ്ത്താരികള്‍ ഉപയോഗിക്കും. നാടോടി ഗായകന്മാര്‍ ഓരോപാട്ടിനുമുള്ള വായ്ത്താരികള്‍ പഠിച്ചുറപ്പിക്കും. ആ വായ്ത്താരികളുടെ താളക്രമമൊപ്പിച്ചായിരിക്കും അവര്‍ പാട്ടുകള്‍ അവതരിപ്പിക്കുക. ചലനഗതിയുടെ തിരിവുകളില്‍ കാലാധിഷ്ഠമായി ഘടിപ്പിച്ചിട്ടുള്ള താളക്ഷരങ്ങളാണ് ഇത്തരം ഗതിക്രമങ്ങളെ വ്യക്തമാക്കുന്നത്. ഇത്തരം അക്ഷരങ്ങള്‍ ചേര്‍ന്നാണ് ഒരു ഗതിക്രമത്തിന്റെ വായ്ത്താരി രൂപപ്പെടുന്നത്.

‘നമ്മോ നമ്മോ നാ….രായണ നമോ ത്തധാധൈ നാഥന്‍ നാ… രായണ നമ്മോ ത്തധാധൈ’

എന്നിങ്ങനെയുള്ള വായ്ത്താരികള്‍ പൂരക്കളിപ്പാട്ടുകളിലും മറ്റും സര്‍വസാധാരണമാണ്. ചിലപ്പോള്‍ പാദപൂരണമായും വായ്ത്താരി ഉപയോഗിക്കും. ധിത്താതെ, തൈത, തത്തതാതൈ, ആധാതൈ, താധൈത, തരികിട, താനിന്ത, തെയ്യത്തോം തുടങ്ങിയവ പാദപൂരണങ്ങള്‍ കൂടിയാണ്.

കലാപ്രകടനങ്ങളിലും പയറ്റുമുറകളിലും ‘വായ്ത്താരി’കളുടെ ഉപയോഗം മുഖ്യമാണ്. ‘മുനിഫോ മുനിഫോ തരികന്‍ തരികന്‍ മറുകോല്‍,’ ‘താകിട തിടചേം തരികിട തിടചേം,’ ‘ധാധിത്താ തൈത്താതൈ തൈ തൈ ത്തതൈ തൈ തൈ ത്ത തൈ തൈ ധാം,’ ‘താളം താകിരി തേ തേ താകിരി തേതേ താകിരി തേതേ താകിരിതാ…’ എന്നിങ്ങനെയുള്ള വായ്ത്താരികള്‍ കോലടിക്കളിയില്‍ ധാരാളം കാണാം.

സംഘക്കളിപ്പാട്ടുകളില്‍ ‘തോണിപ്പാട്ട്’ തുടങ്ങിയ പല ഗാനങ്ങള്‍ വായ്ത്താരിയോടുകൂടി ചൊല്ലേണ്ടവയാണ്.

‘അത്താ തിത്താ തെന്തിന്നാനാ

തിത്തത്താ തിത്തൈ തൈ തൈ

അത്താ തിത്താ തെന്തി ന്നാനൗ

തൈ തൈ തകതൈ തൈതൈ’

എന്നിങ്ങനെയാണ് അവയുടെ സ്വഭാവം. അര്‍ജുനനൃത്തം, പരിചകളി, ദപ്പുകളി, കണ്യാര്‍കളി തുടങ്ങിയ മിക്ക നാടന്‍ കലകളിലും താളത്തെ സൂചിപ്പിക്കുവാന്‍ വായ്ത്താരികള്‍ ഉപയോഗിക്കുന്നു. പാട്ടിന്റെയും കളിയുടെയും രാഗതാളങ്ങള്‍ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത് വായ്ത്താരിമുഖേനയാണ് മനസ്‌സിലാക്കേണ്ടത്. കളിയാശാനാണ് പ്രായേണ വായ്ത്താരി ചൊല്ലുന്നത്.