1.കറുപ്പ്. ചുവപ്പ്, വെളുപ്പ്, പച്ച, മഞ്ഞ എന്നീ നിറങ്ങള്‍ കൊണ്ടുള്ള പ്രത്യേക ചിത്രീകരണം. ക്ഷേത്രങ്ങളുടെയും പള്ളിയറകളുടെയും ചുമരിലും തട്ടുകളിലും മറ്റും വീരാളി ചിത്രീകരിച്ചു കാണാറുണ്ട്. ഭഗവതിക്കാവുകളില്‍ വിഗ്രഹത്തിനു പിറകില്‍ ചുമരിലോ, പലകയിലോ വീരാളി ചിത്രീകരിച്ചിരിക്കുക പതിവാണ്. ഉത്തരകേരളത്തില്‍ കിടാരന്മാര്‍ എന്ന സമുദായക്കാരാണ് ഇത് ചിത്രീകരിക്കുക പതിവ്. ഇലകളും, പുഷ്പങ്ങളും വര്‍ണക്കല്ലുകളും മറ്റും അരച്ചുണ്ടാക്കുന്നതാണ് ചായക്കൂട്ടുകള്‍.

2.വീരാളിപദ്മം. പൂജാദി കര്‍മങ്ങള്‍ക്ക് നിലത്ത് വര്‍ണപ്പൊടികള്‍കൊണ്ട് ചിത്രീകരിക്കുന്ന പദ്മം. ദുര്‍ഗാപൂജയ്ക്ക് വീരാളി പദ്മം ഉത്തമമാണ്.

3.അങ്കച്ചേകോന്മാര്‍ മുറിവേറ്റാല്‍ വച്ചുകെട്ടുന്ന ഒരുതരം ഔഷധപാളി. ഇരുപത്തിനാല് പച്ചമരുന്നുകള്‍ അരച്ചുണ്ടാക്കുന്ന ഔഷധ ദ്രവ്യമാണ് അത്. പടയില്‍ മുറിവേറ്റാല്‍ അത് അരയില്‍വച്ച് അതിനു മുകളിലാണ് അങ്കക്കച്ചകെട്ടിയിരുന്നത്.