Keralaliterature.com

വാര്‍ത്തകള്‍

ഭാഷകള്‍ മാനവസംസ്‌കാരത്തിന്റെ പൈതൃകം

ദോഹ. ഭാഷകള്‍ മാനവ സംസ്‌കാരത്തിന്റെ പൈതൃകമാണെന്നും എല്ലാ ഭാഷകളും അറിവിലേക്കും തിരിച്ചറിവിലേക്കുമാണ് നയിക്കുന്നതെന്നും ഇന്റര്‍നാഷണല്‍ മൈന്‍ഡ് പവര്‍ ട്രെയിനറും സക്‌സസ് കോച്ചുമായ സി. എ. റസാഖ് അഭിപ്രായപ്പെട്ടു. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ അമാനുല്ല വടക്കാങ്ങരയുടെ അറബി സാഹിത്യ ചരിത്രത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ദോഹയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തും വായനയുമാണ് മനുഷ്യനെ സംസ്‌കാര സമ്പന്നനും പരിഷ്‌കൃതനുമാക്കുന്നത്. പരന്ന വായനയിലൂടെ അറിവിന്റേയും തിരിച്ചറിവിന്റേയും ഉയരങ്ങളിലേക്കെത്തുവാനാണ് മനുഷ്യന്‍ പരിശമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭാഷയോടും മുന്‍വിധിയോടെ സമീപിക്കുന്നത് ശരിയല്ല. തുറന്ന മനസ്സോടെ എല്ലാ ഭാഷകളുടേയും നന്മകളെ തിരിച്ചറിയുവാനും സാധ്യമാകുന്നവ ഉള്‍കൊള്ളാനുമുള്ള ശ്രമങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. കഌസ് ഇന്റര്‍നാഷണല്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ പ്രിന്‍സ് ഇടിക്കുള പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

അറബി ഭാഷയും കേരളവും തമ്മില്‍ വളരെ ശക്തമായ ബന്ധമാണുള്ളതെന്നും മലയാളികളായ അറബി എഴുത്തുകാരുടെ സംഭാവനകളെ രേഖപ്പെടുത്തുവാനുളള ശ്രമങ്ങളുണ്ടാകണമെന്നും ചടങ്ങില്‍ സംസാരിച്ച അന്താരാഷ്ട്ര പണ്ഡിത സഭ അംഗവും ഗ്രന്ഥകാരനുമായ ഹുസൈന്‍ കടന്നമണ്ണ അഭിപ്രായപ്പെട്ടു. അറബി ഭാഷക്കും സാഹിത്യത്തിനും അനര്‍ഘമായ സംഭാവനകളര്‍പ്പിച്ച മലയാളി എഴുത്തുകാരെ കുറിച്ച പഠനം സാഹിത്യ കുതുകികള്‍ക്കും ഗവേഷകര്‍ക്കും മാത്രമല്ല പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കേന്ദമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹുദ ബുക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച അറബി സാഹിത്യ ചരിത്രം കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ സിലബസ് അനുസരിച്ച് തയ്യാറാക്കിയതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്നതിനാലാണ് കഴിഞ്ഞ 29 വര്‍ഷമായി തുടര്‍ച്ചയായി പ്രസിദ്ധീകരിക്കപ്പെടുന്നതെന്ന് 1989 ല്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഈ പുസ്തകം പ്രയോജനപ്പെടുത്തിയ ഓര്‍മ അയവിറക്കിയ ചാലിയാര്‍ ദോഹ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട് പറഞ്ഞു.

ജാഹിലിയ്യാ കാലം മുതല്‍ ആധുനികം കാലം വരെയുള്ള അറബി സാഹിത്യ ചരിത്രം കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ഏക കൃതി എന്നതാണ് അമാനുല്ലയുടെ അറബി സാഹിത്യ ചരിത്രത്തിന്റെ സവിശേഷത.
വൈജ്ഞാനിക സാഹിത്യം പുരോഗമിക്കുന്നതനുസരിച്ച് സാഹിത്യ ചരിത്ര പഠനത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നുവെന്നാണ് സമകാലിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചരിത്രവും സാഹിത്യവും മാനവ സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളായതിനാലും ചരിത്ര യാത്രകളുടെ വിശകലനം മാനവിക നവോത്ഥാനത്തിലേക്ക് നയിക്കുമെന്നതിനാലും കൂടുതല്‍ പഠനങ്ങളും അന്വേഷണങ്ങളും നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഗ്രന്ഥകാരന്‍ പറഞ്ഞു. സ്പര്‍ദ്ധയുടേയും അസഹിഷ്ണുതയുടേയും വിഷവിത്തുകള്‍ പ്രചരിക്കുന്ന ആസുരകാലത്ത് ചരിത്ര വിശകലനം സര്‍ഗാത്മകമായ പ്രതിപ്രവര്‍ത്തനമാകുമെന്ന തിരിച്ചറിവും നേരറിവിന്റെ പ്രസക്തിയും പ്രാധാന്യവും അടയാളപ്പെടുത്തുന്നുണ്ട്. ഇത്തരമൊരു സാമൂഹ്യ പരിസരത്തുനിന്നുകൊണ്ട് അറബി സാഹിത്യ ചരിത്രം വിശകലന വിധേയമാക്കുമ്പോള്‍ വരികള്‍ക്കിടയിലൂടെ പല സന്ദേശങ്ങളും സാംസ്‌കാരിക ലോകത്തിന് ലഭിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഈ പരിപ്രേക്ഷ്യത്തില്‍ പല അധ്യായങ്ങളിലും ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഊ പരിഷ്‌ക്കരിച്ച പതിപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകമാനവികതയുടേയും സൗഹാര്‍ദ്ധത്തിന്റേയും വാടാമലരുകളെ അനശ്വരമാക്കുന്ന തെളിഞ്ഞ മനസ്സോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുക എന്നതാണ് ഏറെ പ്രധാനം. അസംസ്‌കൃതരായ ഒരു ജനവിഭാഗത്തെ വൈജ്ഞാനികവും സാംസ്‌കാരികവുമായ നവോത്ഥാനം കൊണ്ട് ലോകത്തെ ഏറ്റവും പരിഷ്‌കൃതരും മികച്ചവരുമാക്കിയതാണ് അറബികളുടെ ചരിത്രം അടയാളപ്പെടുത്തുന്നത്. ഒരു പക്ഷേ സമകാലിക ലോകത്തും ഒട്ടും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ആ ചരിത്രത്തിന്റെ പുനരാവര്‍ത്തനത്തിനായി ലോകം കാത്തിരിക്കുകയാവും. മുന്‍വിധികളില്ലാതെ, മഞ്ഞ കണ്ണടകളില്ലാതെ കണ്ണും കാതും ചിന്തയുമൊക്കെ തുറന്നുവെക്കുക. നേരിന്റേയും നന്മയുടേയും ഓളങ്ങള്‍ നമ്മെ തേടിയെത്താതിരിക്കില്ല, അദ്ദേഹം പറഞ്ഞു.