കണ്ണൂരില്‍ ക്ഷേത്രത്തില്‍ സംഘര്‍ഷം

കണ്ണൂര്‍: കാശ്മീരിലെ കാത്വയില്‍ പിഞ്ചുകുഞ്ഞിനെ ക്ഷേത്രത്തില്‍ വച്ച് പീഡിപ്പിച്ചു കൊന്ന സംഭവത്തിനു പ്രായശ്ചിത്തം ചെയ്യുകയാണെന്ന് പറഞ്ഞ് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി കണ്ണൂരിലെ കടലായി ക്ഷേത്രത്തില്‍ നടത്തിയ ശയനപ്രദക്ഷിണം സംഘര്‍ഷത്തില്‍ കലാശിച്ചു. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്താന്‍ പോകുന്ന കാര്യം പത്രസമ്മേളനത്തില്‍ രാമനുണ്ണി അറിയിച്ചിരുന്നു. ഇതറിഞ്ഞ വിശ്വഹിന്ദു പരിഷത്തില്‍ പ്രവര്‍ത്തകര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. സമരരൂപമാണിതെങ്കില്‍ അനുവദിക്കില്ലെന്നായിരുന്നു ക്ഷേത്രം അധികൃതരുടെയും നിലപാട്. എന്നാല്‍, ഭക്തന്‍ എന്ന നിലയിലുള്ള പ്രായശ്ചിത്തമാണെന്ന് രാമനുണ്ണി അറിയിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ അനുവദിച്ചു.

രാവിലെ ഒമ്പതു മണിയോടെ ക്ഷേത്രത്തിനടുത്തെത്തിയ രാമനുണ്ണിയെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടഞ്ഞു. അതു വകവയ്ക്കാതെ കുളത്തില്‍ മുങ്ങിക്കുളിച്ച് രാമനുണ്ണി ശയനപ്രദക്ഷിണം തുടങ്ങി. വിശ്വഹിന്ദു പരിഷത്തുകാരും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു.ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനല്‍ ക്യാമറാ മാന്മാര്‍ക്കും അകത്ത് പ്രവേശനമുണ്ടായിരുന്നില്ല.

രാമനുണ്ണി പ്രദക്ഷിണം നടത്തുന്നതിനിടെ വിശ്വ ഹിന്ദു പരിഷത്തുകാര്‍ ഭജന തുടങ്ങി. ഇതിനിടെ ഫോട്ടോ എടുക്കാന്‍ ചിലര്‍ ശ്രമിച്ചത് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ഉടന്‍ പോലീസ് പ്രശ്‌നക്കാരെ പുറത്തെത്തിച്ചു. പിന്നെ പുറത്തായി ബഹളം. പത്തു തവണ ഉരുണ്ടശേഷം ക്ഷീണത്തെത്തുടര്‍ന്ന് ഉരുളാതെ നടന്ന് രാമനുണ്ണി തന്റെ പ്രദക്ഷിണം പൂര്‍ത്തിയാക്കി.