കേരളത്തില്‍ ഏതാണ്ട്് എല്‌ളാ ജില്‌ളയിലുമായി നിരവധി പുസ്തക പ്രകാശന ചടങ്ങുകള്‍, പുസ്തക ചര്‍ച്ചകള്‍, സാഹിത്യപഠന ക്യാമ്പുകള്‍, അനുമോദന സമ്മേളനങ്ങള്‍, വര്‍ഷത്തില്‍ ഒന്നോ രണ്ടോ സെക്രട്ടേറിയറ്റ് ധര്‍ണ്ണ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പുരോഗമന കലാസാഹിത്യസംഘം അതിന്റെ സാന്നിധ്യമറിയിക്കുന്നു. സംഘത്തില്‍ എഴുത്തുകാരും കലാകാരന്മാരും കലാകാരികളും ഒക്കെ താന്താങ്ങളുടെ അഭിരുചിക്കും ഭാവുകത്വത്തിനും അനുസരിച്ച് കലാസാഹിത്യമേഖലകളില്‍ രചന നിര്‍വഹിക്കുന്നു. ഏകമുഖമായ രചനാരീതിയോ മുകളില്‍ നിന്നുള്ള ശാസനങ്ങളോ ഈ സംഘടനയില്‍ നിലവിലില്‌ള. വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന ശൈലികളും നിലപാടുകളും കൊണ്ട് ഏതാണ്ട് ജനാധിപത്യപരമായ ബഹുസ്വരത സംഘടനയിലെ എഴുത്തുകാരും കലാപ്രവര്‍ത്തകരും ചേര്‍ന്ന് രൂപപെ്പടുത്തുന്നു. സാഹിത്യത്തിലോ കലയിലോ നടത്തുന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിന്റെ ഫലമായി രൂപപെ്പടുന്ന പ്രസ്ഥാനം എന്ന അര്‍ത്ഥത്തിലല്‌ള പുരോഗമന സാഹിത്യസംഘം എന്ന സംഘടന ഇന്നു നിലനില്‍ക്കുന്നത്. മറിച്ച് ഫാസിസത്തിനും കമ്പോളമുതലാളിത്ത സംസ്‌കാരത്തിനും എതിരെയുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും ഒരു കൂട്ടായ്മ എന്ന നിലയിലാണ്. ഇത്തരം ജനാധിപത്യപരമായ ഒരു വേദി എന്ന നിലയില്‍ പുകസ പ്രസക്തമാകുമ്പോള്‍ തന്നെ ഒരു ഇടതുപക്ഷ രാഷ്ട്രീയ സൗന്ദര്യശാസ്ത്രത്തിന്റെ വക്താവും പ്രയോക്താവുമെന്ന നിലയിലും, സംസ്‌കാരത്തില്‍ ഇടപെട്ടുകൊണ്ട് മൂല്യങ്ങളുടെയും ആശയങ്ങളുടെയും മണ്ഡലത്തില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ ജനപക്ഷത്തു നിലയുറപ്പിച്ചുനിന്നു പോരാടുന്ന സംഘടന എന്ന നിലയിലും പുകസ ഒരു പരാജയം തന്നെ ആയി മാറിയിരിക്കുന്നു എന്ന കാഴ്ചപ്പാടാണ് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കാല്‍നൂറ്റാണ്ടായി പങ്കാളിയായ ഈ ലേഖകന്റെ നിലപാട്.