പ്രൊഫ. വി.ഐ.ജോണ്‍സണ്‍

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതീഹ്യമാല’ കേരളത്തിലെ ഇന്നലെകളിലേക്ക് ഇടുക്കമില്ലാത്ത വഴിത്താരയാണ്. കേരള ചരിത്രത്തെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും കൃത്യവും ആധികാരികവുമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ ഐതിഹ്യമാലയില്‍ ഉണ്ട്. 1909 മുതല്‍ 1934 വരെയുള്ള കാലഘട്ടത്തിലാണ് ഐതിഹ്യമാല രചിക്കപ്പെട്ടത്. സുഹൃത്തും സഹപാഠിയും ജീവചരിത്രകാരനുമായ പന്തളം കൃഷ്ണവാര്യരുടെ അഭിപ്രായത്തില്‍, ‘ഈശ്വരഭക്തി, ഗുരുഭക്തി, ഭൂതദയ, പരോപകാര തല്പരത, മതാചാരനിഷ്ഠ, ഹൃദയനിഷ്‌കളങ്കത മുതലായ അനേക ഗുണങ്ങള്‍ പൂര്‍ണമായി ഉള്ള’ വ്യക്തിയായിരുന്നു കൊട്ടാരത്തില്‍ ശങ്കുണ്ണി. ഈശ്വരവിചാരം കൂടാതെ യാതൊന്നും പ്രവര്‍ത്തിക്കുകയില്ല എന്നുള്ളത് ശങ്കുണ്ണി അവര്‍കള്‍ക്ക് പ്രത്യേകമായുള്ള ഒരു ഗുണമാണ് എന്നും ആകപ്പാടെ നോക്കിയാല്‍ അദ്ദേഹം സല്‍ഗുണനും നിഷ്‌കളങ്ക ഹൃദയനും വിശ്വാസപൂര്‍വ്വം സ്‌നേഹിക്കാന്‍ കൊള്ളാവുന്ന ഒരാളാണെന്നും പന്തളം കൃഷ്ണവാരിയര്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
മലയാളമനോരമ പത്രത്തിന്റെയും ഭാഷാപോഷിണിയുടെയും പത്രാധിപരായിരുന്ന കെ.ഐ. വര്‍ഗീസ് മാപ്പിളയുടെ പ്രേരണയാല്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ആണ് പിന്നീട് ഐതിഹ്യമാല എന്ന പേരില്‍ സമാഹരിച്ചത്. ”ഈവക ഐതിഹ്യങ്ങള്‍ ഒരുകാലത്ത് വളരെ വിലയുള്ളതായിത്തീരുന്നതും ഇവയില്‍ നിന്ന് നമുക്ക് അനേകം തത്വങ്ങള്‍ ഗ്രഹിക്കാവുന്നതുമാണെന്ന് ശേഷഗിരിപ്രഭു അഭിപ്രായപ്പെട്ടത് കൊട്ടാരത്തില്‍ ശങ്കുണ്ണി അഭിമാനത്തോടെയാണ് അനുസ്മരിച്ചിട്ടുള്ളത്. ”പ്രാദേശികത്വമോ ജാതിമതചിന്തകളോ, സ്വാഭിപ്രായ സ്ഥാപനത്തിനുള്ള മര്‍ക്കടമുഷ്ടിയോ ഒന്നും കൊട്ടാരത്തില്‍ ശങ്കുണ്ണിയെ തൊട്ടുതീണ്ടിയിട്ടില്ല എന്നാണ് അമ്പലപ്പുഴ രാമവര്‍മ്മ രേഖപ്പെടുത്തിയിട്ടുള്ളത്. വിശ്വാസവും ആത്മസമര്‍പ്പണവും പ്രകടമാക്കുന്ന ശങ്കുണ്ണിയുടെ ലേഖനങ്ങള്‍ വായിക്കുന്ന നിരീശ്വരവാദികള്‍ കൂടി തല്‍ക്കാലത്തേക്കെങ്കിലും ആസ്തിക്യബുദ്ധികളായി തീരുമെന്നാണ് രാമവര്‍മ്മയുടെ അഭിപ്രായം.
ഭക്തനും സത്യസന്ധനും സാത്വികനും ആയ കൊട്ടാരത്തില്‍ ശങ്കുണ്ണി ഒരു നൂറ്റാണ്ടോളം മുമ്പ് എഴുതിയ ലേഖനങ്ങളില്‍ കാപട്യം ആരോപിക്കാതിരിക്കാന്‍ വേണ്ടിയാണ് പന്തളം കൃഷ്ണവാരിയരെയും ശേഷഗിരിപ്രഭുവിനെയും അമ്പലപ്പുഴ രാമവര്‍മയെയും ഇത്ര വിശദമായി പരാമര്‍ശിച്ചത്.
ഐതിഹ്യമാലയിലെ ‘ശബരിമല ശാസ്താവും പന്തളത്തു രാജാവും’ എന്ന ലേഖനം വര്‍ത്തമാനകാല പ്രസക്തി കൂടുതല്‍ അര്‍ഹിക്കുന്നു. കുഞ്ചാക്കോയുടെ സിനിമകളെ ആധാരമാക്കി വടക്കന്‍പാട്ടുകളിലെ കഥാസാരം മനസ്സിലാക്കുന്നതുപോലെയാണ് പലരും പി. സുബ്രഹ്മണ്യത്തിന്റെ സിനിമകളെ അവലംബിച്ച് അയ്യപ്പചരിതം മനസ്സിലാക്കുന്നത്. മക്കളില്ലാതിരുന്ന പന്തളം രാജാവ് വേട്ടയാടുവാന്‍ വനത്തിലെത്തിയപ്പോള്‍ ഒരു ശിശുവിനെ ലഭിച്ചെന്നും കഴുത്തില്‍ മണി കെട്ടിയിരുന്നതുകൊണ്ട് മണികണ്ഠന്‍ എന്നു പേരിട്ട് ഒപ്പം കൂട്ടി വളര്‍ത്തി എന്നുമാണ് ധാരാളം പേരുടെ ധാരണ. പിന്നീട് പിറന്ന, സ്വന്തം പുത്രന് രാജ്യാവകാശം ലഭിക്കുവാന്‍ പന്തളം റാണി മണികണ്ഠനെ പുലിപ്പാലിനുവേണ്ടി അയച്ചു കൊല്ലുവാന്‍ ശ്രമിച്ചു എന്ന മട്ടില്‍ കഥ ദീര്‍ഘിക്കുന്നു. പുലികളുമായെത്തിയ മണികണ്ഠന്‍ കൊട്ടാരം ഉപേക്ഷിക്കുകയും ശബരിമലയിലെ ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ വിലയം പ്രാപിക്കുകയും ചെയ്തു.
എന്നാല്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി ഇങ്ങനെ ഒരു കഥ കേട്ടതായിപ്പോലും ഭാവിക്കുന്നില്ല. ഐതിഹ്യമാലയില്‍, മധുരയിലെ പാണ്ഡ്യരാജവംശത്തിലെ വലിയ രാജാവാണ് നായാട്ടിനായി വനത്തിലെത്തുന്നത്. അവിടെ അദ്ദേഹം വില്ലുമമ്പും ധരിച്ചു നടന്നിരുന്ന ഒരു യുവാവിനെ കാണുന്നു. അവനോട് ദേശവും നാമവും ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ‘എനിക്ക് പ്രത്യേകമായി ഒരു ദേശവുമില്ല. ലോകമെല്ലാം എന്റെ ദേശം തന്നെ. എന്റെ പേര് സാധാരണയായി ജനങ്ങള്‍ പറഞ്ഞുവരുന്നത് അയ്യപ്പന്‍ എന്നാണ്. എന്റെ അച്ഛന്‍ ഒരു മലയാളിയാണ്. അതുകൊണ്ട് ഞാനും ഒരു മലയാളി തന്നെ. എനിക്ക് സാമാന്യം പോലെ മാതാപിതാക്കന്മാര്‍ ഇല്ലെന്നുതന്നെ പറയാം. സാക്ഷാല്‍ മഹാമായ അമ്മയും, ലോകൈകനാഥനായ ഈശ്വരന്‍ അച്ഛനും എന്നു വിചാരിച്ച് ഞാനിങ്ങനെ നടക്കുന്നു എന്നു മാത്രമേയുള്ളൂ. ഇത്രയുമൊക്കെയല്ലാതെ ഇതിലധികമായി എന്നെ കുറിച്ച് ഒന്നും അറിയിക്കാനില്ല” എന്നിങ്ങനെയായിരുന്നു. മറുപടി കേട്ട രാജാവ് ആ യുവാവിനെ തന്റെ സൈന്യത്തില്‍ ചേരാന്‍ ക്ഷണിച്ചു. സമ്മതം അറിയിച്ച യുവാവിനെ അദ്ദേഹം മധുരയിലെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ചുറ്റുമുള്ള എല്ലാ ശത്രുക്കളെയും അയ്യപ്പന്‍ പരാജയപ്പെടുത്തിയപ്പോള്‍ പാണ്ഡ്യരാജാവിന് വലിയ സന്തോഷമായി. എന്നാല്‍, അസൂയാലുക്കളായ മുന്‍ സേനാനായകന്മാര്‍ ഗൂഢാലോചന നടത്തി രാജ്ഞിയുടെ സഹായത്തോടെ അയ്യപ്പനെ പുലിപ്പാലിനയച്ചു വധിക്കുവാന്‍ ശ്രമിച്ചു. അയ്യപ്പനാകട്ടെ, പുലിക്കൂട്ടത്തെത്തന്നെ തെളിച്ച് വ്യാഘ്രത്തിന്റെ പുറത്തേറി കൊട്ടാരത്തില്‍ എത്തുകയാണുണ്ടായത്. അയ്യപ്പന്റെ ദിവ്യത മനസ്സിലാക്കിയ രാജാവ് സാഷ്ടാംഗം നമസ്‌കരിക്കുകയും അനുഗ്രഹം അര്‍ത്ഥിക്കുകയും ചെയ്തു. രാജാവിനെ ആശ്വസിപ്പിച്ച അയ്യപ്പന്‍ താന്‍ മലയാള രാജ്യത്തേക്ക് പോകുകയാണെന്നും അവിടെയെത്തിയാല്‍ തന്നെ കാണാന്‍ കഴിയുമെന്നും അറിയിച്ച് അന്തര്‍ധാനം ചെയ്തു. പശ്ചാത്താപ വിവശനായ പാണ്ഡ്യരാജാവ് ഏറെ താമസിയാതെ കുടുംബസമേതം അയ്യപ്പനെ തേടി മലയാള രാജ്യത്തേക്ക് പോന്നു. പല ദേശങ്ങളും കടന്ന് അദ്ദേഹം പന്തളത്ത് എത്തി. പന്തളത്തെ പ്രഭുവായിരുന്ന കൈപ്പുഴ തമ്പാനില്‍നിന്ന്് ഏറെ സ്ഥലം വാങ്ങി താമസം ആരംഭിച്ച രാജാവ് കൈപ്പുഴ കോവിലകം സന്തതിയറ്റ് അന്യം നിന്നപ്പോള്‍ ആകെ അധികാരം സ്വന്തമാക്കി.
മധുരയില്‍ നിന്നും മലയാള രാജ്യത്തെത്തിയ അയ്യപ്പന്‍ സാക്ഷാല്‍ പരശുരാമ മഹര്‍ഷിയെ കാണുകയും കേരളത്തിന്റെ പ്രധാന രക്ഷകനായി നിത്യവാസം ചെയ്യണം എന്ന അഭ്യര്‍ത്ഥന മാനിച്ച് ശബരിമലയില്‍ കുടികൊള്ളുകയും ചെയ്തു. മലയാള രാജ്യത്ത് വന്ന് പന്തളം രാജാവായി വാഴ്ച തുടങ്ങിയ പാണ്ഡ്യരാജാവ് സ്വപ്നദര്‍ശനത്തിലൂടെ അയ്യപ്പന്‍ ശബരിമലയില്‍ ഉണ്ടെന്നു മനസ്സിലാക്കി പരിവാരങ്ങളോടെ അങ്ങോട്ടു പുറപ്പെട്ടു. അവിടെ എത്തി കാടുവെട്ടിത്തെളിച്ച് നോക്കിയപ്പോള്‍ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന വിഗ്രഹം കണ്ടെത്തി. അയ്യപ്പന്റെ പ്രത്യക്ഷദര്‍ശനം അദ്ദേഹം ആഗ്രഹിച്ചെങ്കിലും ‘ഇപ്പോള്‍ എന്റെ വിഗ്രഹം കണ്ടാല്‍ മതി. അവിടെ എന്റെ സാന്നിധ്യം വേണ്ടുവോളമുണ്ട്’ എന്ന അയ്യപ്പഹിതം മനസ്സിലാക്കി തൃപ്തിപ്പെട്ടു. മുറയ്ക്ക് അമ്പലം പണിയുകയും പ്രസിദ്ധ തന്ത്രിയായ താഴമണ്‍ പോറ്റിയെ കൊണ്ട് കലശവും നടത്തി ക്ഷേത്രത്തില്‍ പിന്നീട് നടക്കേണ്ടുന്ന കാര്യങ്ങള്‍ക്ക് പതിവുകളും നിശ്ചയിച്ചു. (താഴമണ്‍ കുടുംബം അവകാശപ്പെടുന്നതുപോലെ പരശുരാമനല്ല പന്തളം രാജാവാണ് അവരെ തന്ത്രം ഏല്‍പ്പിച്ചത് എന്നാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി പറഞ്ഞിട്ടുള്ളത്).
ദുഷ്ടമൃഗങ്ങള്‍ നിറഞ്ഞ ആ വനപ്രദേശത്ത് എന്നും മനുഷ്യര്‍ താമസിച്ച് പൂജ നടത്തുന്നത് അക്കാലത്ത് അസാധ്യമായിരുന്നതിനാല്‍ മാസം അഞ്ചു ദിവസം മാത്രം പൂജ നടത്തിയാല്‍ മതി എന്നും, മകരസംക്രാന്തി ആട്ടവിശേഷം ആയിരിക്കണമെന്നും, അന്നുമുതല്‍ അഞ്ചുദിവസം ഒരു ഉത്സവം പോലെ ദേവനെ എഴുന്നള്ളിക്കുകയും അഞ്ചാംദിവസം ഒരു കളഭവും ഏഴാം ദിവസം ഒരു കുരുതിയും നടത്തണമെന്നുമാണ് നിശ്ചയിച്ചതെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അപ്രകാരമെല്ലാം ഇപ്പോഴും നടന്നുവരുന്നുണ്ട് എന്നും, എന്നാലിപ്പോള്‍ മകരം മുതല്‍ ഒന്നിടവിട്ട് ആറുമാസങ്ങളില്‍ ആദ്യവും, കുംഭം മുതല്‍ ഒന്നിടവിട്ട് ആറുമാസങ്ങളില്‍ ഒടുവിലും അഞ്ചു ദിവസം വീതമാണ് പൂജ നടത്തി വരുന്നത് എന്ന പരാമര്‍ശം കൗതുകകരമാണ്.
അങ്ങനെയായാല്‍ ആണ്ടില്‍ ആറു തവണ വീതം ഇവിടെപോയാല്‍ മതിയല്ലോ എന്ന ന്യായമാണ് ഇതിന് അടിസ്ഥാനം എന്ന സൂചനയും കൊട്ടാരത്തില്‍ ശങ്കുണ്ണി നല്‍കുന്നു. അയ്യപ്പനുള്ള പൂജാ വസ്തുക്കളും ശാന്തിക്കാര്‍ക്കും പരികര്‍മ്മികള്‍ക്കുമുള്ള ഭക്ഷണസാമഗ്രികളുമായി കൊടും കാട്ടിലൂടെയുള്ള യാത്രയുടെ അസൗകര്യം കണക്കിലെടുത്ത് സമീപഭൂതകാലത്ത് തന്നെ വര്‍ഷത്തില്‍ ആറ് തവണ മാത്രമാണ് ശബരിമല ക്ഷേത്രം തുറന്നിരുന്നത് എന്ന കാര്യം മിക്കവരും മറന്ന മട്ടാണ്. കാലത്തിന്റെ മാറ്റം ആചാരങ്ങളെയും മാറ്റാറുണ്ടെന്നതിന് നല്ല ഉദാഹരണമാണ് എല്ലാ മലയാളമാസവും ഒന്നാം തീയതി മുതല്‍ അഞ്ചു ദിവസം ശബരിമല ക്ഷേത്രം തുറക്കുന്ന ഇപ്പോഴത്തെ രീതി. (ശബരിമല ക്ഷേത്രത്തില്‍ നീല വസ്ത്രം ധരിച്ചാണ് താന്‍ പോയതെന്ന നാലാങ്കല്‍ കൃഷ്ണപിള്ളയുടെ ‘ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍’ എന്ന കൃതിയിലെ പരാമര്‍ശം സാന്ദര്‍ഭികമായി സ്മരണീയമാണ്.)
പന്തളം രാജാവ് ശബരിമലയില്‍ പുലര്‍ത്തുന്ന ആചാരത്തെക്കുറിച്ചുള്ള കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിവരണം അധികമാരും ശ്രദ്ധിക്കാത്തത് അത്ഭുതമുണര്‍ത്തുന്നു. ഈ അടുത്ത നാളില്‍ തന്നെ പന്തളം കൊട്ടാരത്തിലെ ശ്രീ. ശശികുമാര വര്‍മ്മ അവകാശപ്പെട്ടത് പന്തളം രാജാവും അയ്യപ്പനും തമ്മിലുള്ളത് പിതൃ പുത്ര ബന്ധം എന്നാണ്. എന്നാല്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി ഈ ബന്ധത്തെ രാജാവും സേനാ നായകനും തമ്മിലുള്ള ഔപചാരിക ബന്ധമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിങ്ങനെയാണ്: ‘പന്തളത്തു രാജാവ് ആണ്ടുതോറും മകരസംക്രാന്തിക്ക് ശബരിമലെ പോവുകയും ആറേഴുദിവസം അവിടെ താമസിക്കുകയും പതിവാണെങ്കിലും നടയ്ക്കു നേരെ ചെന്നു സ്വാമിയെ വന്ദിക്കുക പതിവില്ല. അതിന് രണ്ടു കാരണങ്ങള്‍ പറഞ്ഞു വരുന്നുണ്ട്. അയ്യപ്പസ്വാമി രാജാവിന്റെ സേനാനായകനായി താമസിച്ചിരുന്ന ആളാണല്ലോ? അതിനാല്‍ രാജാവ് നേരെ ചെല്ലുമ്പോള്‍ സ്വാമി എണീറ്റ് ആചാരം ചെയ്യണം. അതിനിടയാക്കുന്നത് ശരിയല്ലല്ലോ എന്നു വിചാരിച്ചാണ് രാജാവ് നേരെ പോകാത്തത് എന്ന് ഒരു പക്ഷം. അതല്ല ശബരിമല ശാസ്താവിനെ പ്രതിഷ്ഠിച്ചത് പരശുരാമനും പന്തളത്തു രാജാവ് ക്ഷത്രിയനും ആയിരുന്നല്ലോ. അതുകൊണ്ട് പരശുരാമ നോടുള്ള പൂര്‍വ്വവൈരം നിമിത്തമാണ് രാജാവ് നടയ്ക്കു നേരെ പോകാത്തത് എന്നാണ് രണ്ടാം പക്ഷം. കാരണം എന്തുതന്നെയായാലും രാജാവ് അവിടെ നടയ്ക്കു നേരെ ചെന്ന് സ്വാമിയെ വന്ദിക്കാറില്ല എന്നുള്ളത് വാസ്തവം തന്നെ’.
ഒരു നൂറ്റാണ്ടു കഴിഞ്ഞ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കാന്‍ ഉദ്ദേശിച്ചു കൊട്ടാരത്തില്‍ ശങ്കുണ്ണി ഇങ്ങനെയൊക്കെ എഴുതിവച്ചു എന്ന് കരുതേണ്ടതില്ലല്ലോ?. അന്നത്തെ സങ്കല്പവും ആചാരവും സത്യസന്ധമായി വിവരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് കുട്ടികളെ അയയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയതു പോലെ ലഭിച്ച ഒരു അവസരമായി മാത്രം പന്തളം രാജാവിന് അയ്യപ്പസ്വാമിയെ നേരില്‍ കാണാനുള്ള അവകാശത്തെ പരിഗണിക്കുവാന്‍ എല്ലാ ന്യായങ്ങളും ഉണ്ട്. അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തിലും പന്തളം രാജാക്കന്മാര്‍ ശ്രീകോവിലില്‍ ദര്‍ശനത്തിന് എത്താറില്ല എന്നും കൊട്ടാരത്തില്‍ ശങ്കുണ്ണി തുടര്‍ന്ന് എഴുതിയിട്ടുണ്ട്. ‘അങ്ങോട്ടും കാണണം ഇങ്ങോട്ട് കാണരുത്’ എന്നാണ് സങ്കല്പം. അയ്യപ്പന്‍ പാണ്ഡ്യരാജാവിന്റെ സൈനികന്‍ ആയിരുന്നു എന്ന കാരണം തന്നെയാണ് ഈ ആചാരത്തിന് ആധാരം.
പന്തളത്തു രാജാക്കന്മാര്‍ പാണ്ഡ്യവംശജരാകയാല്‍ അവര്‍ക്കും ശാസ്താവിനും സേവ്യസേവക ഭാവം ഉണ്ടെന്നാണ് സങ്കല്പം എന്ന് രേഖപ്പെടുത്തിയിട്ടുള്ള കൊട്ടാരത്തില്‍ ശങ്കുണ്ണി, അവരില്‍ ഒരാള്‍ ആണ്ടുതോറും മകരസംക്രാന്തിക്ക് ശബരിമലയില്‍ പോവുക പതിവാണെങ്കിലും, അയ്യപ്പസ്വാമി ഇവരെ കാണാനിടയാക്കാറില്ലെന്ന് അര്‍ത്ഥശങ്കക്കിട നല്‍കാതെ ആവര്‍ത്തിച്ചിട്ടുമുണ്ട്.
ഇന്നുള്ള സങ്കല്പത്തില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ് മാളികപ്പുറത്തമ്മയെക്കുറിച്ച് കൊട്ടാരത്തില്‍ ശങ്കുണ്ണിക്കുള്ളത്. അദ്ദേഹത്തിന്റെ പരാമര്‍ശം ഇപ്രകാരമാണ്: ‘ശബരിമലെ പ്രധാനദേവന്‍ ശാസ്താവു തന്നെയെങ്കിലും അവിടെ വേറെ ചില മൂര്‍ത്തികളെയും കുടിയിരുത്തിയിട്ടുണ്ട്. അവയില്‍ പ്രധാനം ഭദ്രകാളിയാണ്. ഭദ്രകാളിയെ കുടിയിരുത്തിയിരിക്കുന്നത് രണ്ടുനിലയായിട്ടുള്ള ഒരു ചെറിയ മാളികയുടെ മുകളിലത്തെ നിലയിലാണ്. അതിനാല്‍ ആ ഭഗവതിയെ സാധാരണയായി പറഞ്ഞുവരുന്നത് മാളികപ്പുറത്തമ്മ എന്നാണ്.’ മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച പൂങ്കൊടി ആണെന്ന സങ്കല്പം അത്ര പഴയതല്ല എന്നുവേണം മനസിലാക്കാന്‍. പന്തളം രാജകുടുംബത്തിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിച്ച ദേവീലോകമാതാ ട്രസ്റ്റിന്റെ ‘അയ്യപ്പനും വാവരും’ എന്ന പുസ്തകത്തില്‍ അയ്യപ്പന്റെ അമ്മയായ മഹാമായയാണ് മാളികപ്പുറത്തമ്മ എന്ന് പരാമര്‍ശിച്ചിട്ടുള്ളതു സ്മരണീയമാണ്. മാളികപ്പുറത്തമ്മ അരൂപിയായ വിഷ്ണുമായ ആയതിനാല്‍ അവിടെ പൂജ പതിവില്ലെന്നും ദേവീ സാന്നിധ്യമറിയിക്കാന്‍ ദീപം മാത്രം കൊളുത്താറുണ്ട് എന്നുമാണ് ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഡോ. എസ്.കെ നായര്‍ 1972ല്‍ പ്രസിദ്ധീകരിച്ച ‘അയ്യപ്പന്‍’ എന്ന ചരിത്രാഖ്യായികയില്‍ പൂങ്കൊടി ഉദയനന്റെ ആക്രമണത്തില്‍ നിന്ന് അയ്യപ്പനെ രക്ഷിക്കുവാന്‍ ശ്രമിക്കുമ്പോള്‍ കൊല്ലപ്പെടുന്നതായി ചിത്രീകരിച്ചിട്ടുള്ളത് മാളികപ്പുറത്തമ്മയെ പ്രീതിപ്പെടുത്തുവാന്‍ നടത്താറുള്ള കുരുതിയെ മുന്‍നിര്‍ത്തി ആവാനാണ് സാധ്യത.
ഐതിഹ്യമാലയുടെ ഉള്ളടക്കം തീര്‍ത്തും സത്യമാണെന്ന് കരുതേണ്ടതില്ല. ജനങ്ങളുടെ സങ്കല്പങ്ങളും വിശ്വാസങ്ങളുമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി ക്രോഡീകരിച്ചിട്ടുള്ളത്. കൂട്ടത്തില്‍ അന്ധവിശ്വാസങ്ങളും അതിശയോക്തികളും ഉണ്ടാവാം. എന്നാല്‍, ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സത്യസന്ധമായി തന്നെയാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത് എന്നുവേണം കരുതാന്‍. കാരണം അദ്ദേഹത്തിന് നേരിട്ടുള്ള അറിവുള്ള കാര്യങ്ങളാണല്ലോ ക്ഷേത്ര ആരാധനരീതികളും ആചാരാനുഷ്ഠാനങ്ങളും. കഥകള്‍ കേള്‍വികളെക്കൂടി അടിസ്ഥാനമാക്കി ആഖ്യാനം ചെയ്തിട്ടുള്ള ഐതിഹ്യമാലാകാരന്‍ കാര്യങ്ങള്‍ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.