തോമസ് കളത്തൂർ

ജീവിതം, ജനനം മുതൽ മരണം വരെ നിശ്ചലമാവാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. അത് പ്രകൃതിയുടെ നിയമമാണ്. എന്നാൽ, നമ്മുടെ സ്വാർത്ഥത സമ്മാനിക്കുന്ന അസൂയയും മാത്സര്യവും അത്യാഗ്രഹവും, ഏറ്റവും വലിയ പാപമായ “ഭയം” ത്തിലേക്ക് നമ്മളെ എത്തിക്കുന്നു. ഈ ഭയം,കൂടുതൽ സുരക്ഷിതത്തിനായി നമ്മെ പ്രേരിപ്പിക്കുന്നു.അങ്ങനെ ചുറ്റും വന്മതിലുകൾ തീർത്തു, നാം നമ്മെ തന്നെ തടവുകാരാക്കി അതിനുള്ളിൽ സൂക്ഷിക്കുന്നു.നദി ആയി ഒഴുകി കടലിലെത്തേണ്ട നമ്മെ, പ്രകൃതിക്കു എതിരായി, ഒരു കുളമാക്കി, നിശ്ചലമാക്കുന്നു. ഭൂമിക്കും തനിക്കു തന്നെയും പ്രയോജനമില്ലാതെ മലിനപ്പെട്ടു കിടക്കേണ്ട ദുരവസ്ഥയിലാവുന്നു. മനോഹരമായ ഭൂപ്രദേശങ്ങളെയും സസ്യജാലങ്ങളെയും തഴുകി കടന്നു പോവാനുള്ള അവസരവും നഷ്ട പ്പെടുന്നു. താൻ ഉൾകൊള്ളുന്ന ജലം പലയിടങ്ങളിലും എത്തിച്ചു, അവിടെയുള്ള വരണ്ട പ്രദേശങ്ങളെ സമ്പുഷ്ടമാക്കാനും ജീവജാലങ്ങൾക്ക് ദാഹം ശമിപ്പിക്കാനും ഉള്ള സാധ്യതകൾ പരിമിതമായി ചുരുങ്ങുന്നു.ജന്മോദ്ദേശം തന്നെ മുരടിക്കുന്നു. ഈ ലോകത്തെ പറ്റിയുള്ള ധാരണതന്നെ ലോപിച്ചു, ഈ കുളവും ഇതിലെ ജീവജാലങ്ങളും മാത്രമാണ് ലോകമെന്ന ഇടുങ്ങിയ നിഗമനത്തിലെത്തുന്നു.ജീവിതത്തെ അടച്ചുകെട്ടി ലോക ബന്ധങ്ങളെ വിച്ഛേദിക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ മസ്തിഷ്ക വളർച്ചയും ചുരുങ്ങിപോവുകയാണ്. നമ്മുടെ മസ്തിഷ്കത്തിലെ വിസ്തൃതപ്രദേശത്തു നിലകൊള്ളുന്ന അവർണ്ണനീയമായ ഊർജ്ജ ശേഖരം നഷ്ടമായി തീരും. അതിനാൽ മനസ്സിന്റെ ജാലകങ്ങളെ തുറന്നിടുക മാത്രമല്ല, നമ്മെ തന്നെസ്വതന്ത്രമാക്കാൻ,ഉയർത്തികെട്ടിയ മതിലുകളെ ഇടിച്ചുകളയണം. ലോകത്തെയും ബന്ധങ്ങളെയും ആസ്വദിക്കാൻ ആരംഭിക്കണം.
ജീവിതംതന്നെ ഒരു ബന്ധപ്പെടലാണ്. ബന്ധങ്ങളില്ലാതെ ജീവിക്കാൻ സാദ്ധ്യമല്ല. ബന്ധങ്ങൾ സമൂഹത്തിന്റെ ചട്ടക്കൂടെ ആകുന്നു,വിന്യാസമാകുന്നു. ഏകാന്തതക്കുവേണ്ടി കാട്ടിലോ മണലാരണ്യത്തിലോ പോയൊളിച്ചാലും, നമ്മുടെ അബോധമനസ്സ് ബന്ധപ്പെടലിനുവേണ്ടി കേഴുന്നുണ്ടാവും. എന്നാൽ എല്ലാ ബന്ധങ്ങൾക്കും ഒരു ക്രമവും വ്യവസ്ഥയും ഉണ്ടായിരിക്കണം.ഇല്ലാതെ പോയാൽ അതു ഭിന്നതയിലേക്കും ദുഃഖത്തിലേക്കും വിഭ്രാന്തിയിലേക്കും നയിക്കും. ബന്ധങ്ങളിൽ വരുന്ന ക്രമക്കേടുകളെ ഓർമ്മയിൽ സൂക്ഷിക്കരുത്. വേഗത്തിൽ അവയെ മനസ്സിൽ നിന്ന് തൂത്തുമാറ്റുന്നതിന് ഉപയുക്തമാകുന്ന കാരണങ്ങൾ നാം തന്നെ കണ്ടുപിടിക്കണം. അങ്ങനെ മനസ്സിനെ ശുദ്ധമായി സൂക്ഷിക്കാം, നമ്മുടെ മനസ്സിനിന്ന് സ്നേഹം നഷ്ടമാവാതെയും ഇരിക്കും. സ്നേഹ സമ്പൂർണമായ ബന്ധങ്ങളിൽ കഴിയുന്ന വ്യക്തികൾക്ക് സമൂഹത്തെ തന്നെ ഉദ്ധരിക്കാൻ കഴിയും. വ്യക്തി ജീവിതങ്ങളിൽ അടിസ്ഥാനപരമായി തന്നെ രൂപാന്തരീകരണം സംഭവിച്ചാൽ, അതു സമൂഹ പ്രജ്ഞയെയും (കോൺഷിയസ്നെസ്സ്) രൂപാന്തരപ്പെടുത്തും. ഉദാഹരണമായി,സമൂഹം ഒരു “വസ്ത്രം” ആണെങ്കിൽ,വ്യക്തികൾ അതിലെ “നൂൽ ഇഴകൾ”ആകുന്നു.വെളുത്ത നൂൽ കൊണ്ട് നിർമിക്കുന്ന വസ്ത്രം വെള്ളയും,മഞ്ഞനൂൽ കൊണ്ട് നിർമ്മിക്കുന്ന വസ്ത്രം മഞ്ഞയും ആയിരിക്കും. അതുപോലെ, ഒരു വസ്ത്രം “പിച്ചി ചീന്തപ്പെട്ടു” എന്ന് പറഞ്ഞാൽ,അതിന്റെ നൂലുകൾ ചീന്തപ്പെട്ടു എന്നാണ്. അതുപോലെ വ്യക്തികളുടെ കാഴ്ചപ്പാടും ചിന്തകളും സ്വഭാവവും, സമൂഹത്തിന്റെ പ്രജ്ഞയായി പരിണമിക്കും. വികാരവിക്ഷോഭങ്ങളും നമ്മുടെ ആരോഗ്യത്തെയും ബാധിക്കുന്നു എന്ന് ആധുനീക ശരീര ശാസ്ത്രവും പൗരാണീക അഷ്ടാംഗഹൃദയവും ഊന്നിപറയുന്നു. ഓരോ വികാരപ്രകടനങ്ങളും ഭാവങ്ങളും അഥവാ നവരസങ്ങളും,നമ്മുടെ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും സ്രവിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ജീവജാലങ്ങൾക്കും അവയുടെചുറ്റുമായി ഒരു “ശാക്തീക വലയം” (ഫീൽഡ് ഓഫ് എനർജി) ഉണ്ടെന്നും അതു പ്രപഞ്ചത്തിലെതന്നെ മറ്റു ശാക്‌തീകവലയങ്ങളുമായി സമ്പർക്കം പുലർത്തുകയും വളരുകയും വ്യതിയാനം പ്രാപിക്കുകയും ചെയ്യുന്നു. “ബയോ പ്ലാസ്മിക് എനർജി” ഗവേഷണത്തിലൂടെ റഷ്യയിൽ വികസിപ്പിച്ചെടുത്ത “കിർലിയൻ ഫോട്ടോഗ്രാഫി” ഇത് നിരീക്ഷണസാധ്യമാക്കിയിട്ടുണ്ട്‌. ഇങ്ങനെ പരസ്പര സമ്പർക്കത്തിന്റെ പ്രത്യാഘാതങ്ങൾ നമ്മുടെയും സമൂഹത്തിന്റെയും പ്രജ്ഞയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസിലാക്കാം. നമ്മുടെ ആത്മപ്രശംസയും സ്വപ്നങ്ങളും, വിനാശകാരിയാകാതെ, വേലികെട്ടി സൃഷ്ടിപരമായി വളർത്തേണ്ടതാണ്. വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതിൽ സന്തോഷിക്കുന്ന സ്വഭാവം, ബന്ധങ്ങൾക്ക്‌ ആസ്വാദ്യത നൽകുന്നു. മധ്യവർത്തികളെ ഒഴിവാക്കികൊണ്ടുള്ള ഇടപെടലുകൾ ജീവിതത്തിന്റെ എല്ലാമേഖലകളിലും നടപ്പിൽ വരുത്താൻ ശ്രമിക്കേണ്ടതാണ് മറ്റുള്ളവരുടെ നന്മയെ മുതലെടുത്തു ജീവിക്കുന്ന “ഇത്തിൾകണ്ണികൾ” ആണ് നേ താക്കളായി വിലസുന്ന ഇവരിൽ പലരും. മധ്യവർത്തികൾ, മറ്റു രണ്ടു കൂട്ടരെയും മഠയന്മാരാക്കുന്ന സംഭവങ്ങളാണ് ഇന്ന് തുടരെ കേൾക്കുന്നത്. മധ്യവർത്തികൾ അഥവാ നേതാക്കളിൽ പലരും സമ്പത്തും അധികാരവും മോഹിച്ചു കയറിപറ്റിയവരാണ്, ഈ സ്ഥാനത്തേക്ക്. എന്നാൽ ആത്മാർത്ഥമായി മൂല്യങ്ങളിലും സ്നേഹ സഹാനുഭൂതിയിലും ഒക്കെ ആകർഷിക്കപ്പെട്ടു, അർപ്പണ മനോഭാവത്തോടെ നേതാക്കൾ ആകുന്നവരും ഉണ്ട്. എന്നാൽ ചില നേതാക്കൾ സമൂഹത്തിനു ശാപമായി തീരുന്നതെങ്ങനെ? സ്ഥാനമാനങ്ങൾ വഹിക്കുന്നവർ, അതിന്റെതായ പവിത്രതയും ബഹുമാനവും അതിനോടൊപ്പം ചുമതലകളും പാലിക്കേണ്ടതാണ്. പലരുടെയും കഴിവുകൾ പലതരത്തിൽ ആകാം. പുതിയ ചുമതലകൾ ചിലരെ മഹത്തുക്കൾ ആകാൻ സഹായിച്ചെന്നുമിരിക്കും. അതിനാൽ “എനിക്ക്ശേഷം പ്രളയം” എന്ന് ധരിക്കാതെ, സ്ഥാനം മറ്റുള്ളവർക്കായി ഒഴിഞ്ഞു കൊടുക്കണം. അത് സമൂഹത്തിനു പ്രയോജനം നൽകും. ഒഴുക്കിനു തടസ്സമാവരുത്. നേതാക്കൾ സേവനനിരതരാകണം, സേവിക്കപ്പെടേണ്ടവർ ആണെന്ന ചിന്ത വഴിതെറ്റിക്കുന്നതാണ്. ഇത് മനസ്സിലാക്കാത്തവർ “ചന്ദനം ചുമക്കുന്ന കഴുതകളെപോലെയാണ്”.
നേതാക്കൾ എന്ന വ്യക്തികൾക്കതീതമായി,അവർ വഹിക്കുന്ന സ്ഥാനങ്ങൾക്കും അവരിൽനിന്ന് പ്രതീക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കും പൊതുജനം ബഹുമാനം കൊടുക്കുന്നു. അത്പോലെ തന്നെ കലാകാരന്മാരുടെ കഴിവുകൾക്കും. മറ്റുള്ളവരെ “ഇടിച്ചുതാഴ്ത്തി” തന്റെ മഹത്വം കാണിക്കുന്ന ഏറ്റവും വില കുറഞ്ഞ നിലയിലേക്ക് താണുപോകരുതു. ചിലരുടെ വാക്കുകളിലും പ്രവർത്തനങ്ങളിലും ഈ അനാദരം {ഇൻസിവിലിറ്റി} പ്രകടമായി കാണുന്നു. എല്ലാം മറന്നു സ്വയം- അഹംങ്കാരമായി- പരിണമിക്കുകയാണ്. ഒരു കഴുതയെ കുളിപ്പിച്ച് പട്ടു വസ്ത്രങ്ങളും ചാർത്തി, മുകളിൽ ഒരു ‘ദേവപ്രതിമയും’ ഉറപ്പിച്ചു പ്രദിക്ഷണം നടത്തുന്നു. ദൈവവിശ്വാസികൾ വഴിയിൽ വസ്ത്രങ്ങൾ വിരിച്ചു നമസ്കരിച്ചു കൊണ്ടിരിക്കുന്നു. ഇത് കണ്ട കഴുത ആവേശം കൊള്ളുകയാണ്. ഈ ജനം എല്ലാം, കഴുതയായ തന്നെ നമസ്കരിക്കാൻ തുടങ്ങിയിരിക്കുന്നു!…തന്റെ പുറത്തു എന്താണ് ഇരിക്കുന്നതെന്നു അവൻ മറന്നു. തനിക്കു ഇത്രയും ആദരവും ബഹുമാനവും കിട്ടുമ്പോൾ, താനെന്തിനു ഈ ഭാരം ചുമക്കണം എന്ന് സ്വയംചോദിച്ചു കൊണ്ട്, ശരീരം ഇളക്കിയും കുലുക്കിയും ദേവപ്രതിമയെ താഴെ വീഴിച്ചു. പിന്നെ തല ഉയർത്തി ഞെളിഞ്ഞു ഒരു നടപ്പായിരുന്നു. എന്നാൽ വന്ദിച്ച ജനംതന്നെ കഴുതയെ അടിച്ചും ഇടിച്ചും മൃതപ്രായനാക്കിയപ്പോഴാണ് അവനു ബോധോദയം ഉണ്ടാകുന്നത്. രാഷ്ട്രീയ മത നേതാക്കൾക്കും കലാകാരന്മാർക്കും ബോധോദയം ഉണ്ടാക്കാൻ ഈ പഴയ കഥ സഹായിച്ചേക്കും. മതങ്ങൾ ഏറ്റെടുക്കുന്ന ചുമതല, മനുഷ്യർക്ക് ഈശ്വര സാക്ഷാത്കാരം ലഭിക്കാനായി സ്നേഹത്തിന്റെയും സഹിഷ്ണതയുടേയും സത്കർമ്മങ്ങളുടെ പാത കാണിച്ചുകൊടുക്കുകയാണ്. രാഷ്ട്രം, സുഭിക്ഷമായി ഭയരഹിതമായി സ്വതന്ത്രമായി ഐക്യത്തോടെ വർത്തിക്കാനുള്ള അവസരം ഉണ്ടാക്കുകയാണ് രാക്ഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, മതനേതാക്കൾ,പല ദൈവങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ, മനുക്ഷ്യരെ പല തുരുത്തുകളിൽ പാർപ്പിച്ചിരിക്കുകയാണ്. രാക്ഷ്ട്രീയനേതാക്കൾ, കൊടികളുടെ നിറ വ്യത്യാസം കാണിച്ചു ആളുകളെ വിഭജിച്ചു അന്യോന്യം മത്സരിപ്പിക്കുന്നു. ഒന്നിപ്പിക്കേണ്ടിയവർ തന്നെ ഭിന്നിപ്പിക്കുന്നു. ഈ ദുസ്ഥിതിയിൽനിന്ന് ലോകത്തെ എങ്ങനെ രക്ഷിക്കാനാവും? വ്യക്തിബന്ധങ്ങളിൽ നിന്നും എങ്ങനെ അപശ്രുതികൾ ഇല്ലാതാക്കാം.? വ്യക്തികളിലൂടെ സമൂഹപ്രജ്ഞയെതന്നെ സുന്ദരവും ശ്രുതിമധുരവും ആക്കിതീർക്കാൻ കഴിഞ്ഞാൽ, പ്രകൃതിയിൽ വരെ മാറ്റങ്ങൾ സംഭവിക്കും. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും തെറ്റിപ്പോയ ലക്ഷ്യത്തിൽനിന്നും നേരായമാർഗ്ഗത്തിൽ എത്തിക്കാൻ വ്യക്തികൾ പ്രതികരണശക്തി പ്രാപിച്ചു, മുന്നോട്ടു ഇറങ്ങണം. ഇനിയും ഈ വിപരീതക്രമമെ പോംവഴിയായി ശേഷിക്കുന്നുള്ളു. എല്ലാവരും ജോലി ചെയ്യുക. രാക്ഷ്ട്രീയവും മതപ്രവർത്തനവും വരുമാനമാർഗം ആക്കാതിരിക്കുക. സ്വത്തുക്കളിൽനിന്നും രാക്ഷ്ട്രീയ നേതാക്കൾക്കും മതനേതാക്കൾക്കും നിയന്ത്രണവും പരിധിയും ഏർപ്പെടുത്തണം. എല്ലാ വരുമാനങ്ങൾക്കും നികുതി ചുമത്തുകയും കണക്കുകൾ പ്രസിദ്ധപ്പെടുത്തുകയും വേണം. തട്ടിപ്പിനും വെട്ടിപ്പിനും എതിരെ കര്ശനമായ നിയമവും നടപടികളും ആവശ്യമാണ്. ഒരു വെള്ളപ്പൊക്കകെടുതി കഴിഞ്ഞിട്ടി മാസങ്ങൾ ആറ്‌ ഏഴു എങ്കിലും ആയി. ദുരിതം അനുഭവിക്കുന്നവർക്കായി പിരിച്ചെടുത്ത പണം, അർഹതപെട്ടവർക്ക് എത്തിച്ചുകൊടുക്കാൻ മടി കാണിച്ചുകൊണ്ട് ചില സഭനേതൃത്വങ്ങൾ അതിനുമുകളിൽ “അട” ഇരിക്കുന്നത് എന്തിനെന്നു അറിയില്ല. രാക്ഷ്ട്രീയക്കാർ സ്വജനപക്ഷപാതവും ദുർവിനിയോഗവും നടത്തുന്നതായി മറ്റൊരു പക്ഷം. ഇരുളും വെളിച്ചവും തമ്മിൽ വേർതിരിക്കാനാവാതെ വരുമ്പോൾ, സത്യം എവിടെനിന്ന് വരുന്നു എന്ന് നോക്കി ആകുലരായിരിക്കുന്ന ഒരു ജനതയ്ക്കു എങ്ങനെ സമാധാനം കിട്ടും. അതിനാൽ, മധ്യവർത്തികളെ ഒഴിവാക്കികൊണ്ട്, സ്വയ “അന്തർ വർത്തിയിൽ” അഭയം നേടുക. “അഭയം”ത്തിനര്ഥം, ഭയമില്ലാത്ത അവസ്ഥ എന്നും ആശ്രയം എന്നും. അങ്ങനെ തന്നെത്താൻ ഭയമില്ലാത്ത അവസ്ഥയിലായി, സ്വയം ആശ്രയിക്കാം –സ്വന്തം പ്രജ്ഞയെ.–.ജീവിതത്തെ, ബന്ധങ്ങളെ, പ്രജ്ഞയെ, സമൂഹപ്രജ്ഞയെതന്നെ സമാധാനിപ്പിച്ചു പൂവണിയിക്കാൻ വ്യക്തികൾ തന്നെ മുന്നോട്ടിറങ്ങണം. ഭയരഹിതമായി തെറ്റുകൾക്കെതിരെ സംസാരിക്കണം. എതിർക്കേണ്ടതിനെ മുഖംനോക്കാതെ എതിർത്ത് ഒരു നല്ല നാളെയെ, ഒരു നല്ല ലോകത്തെ, അടുത്ത തലമുറക്കെങ്കിലും ലഭ്യമാകാൻ സഹായിക്കാം..