മാപ്പിളമാര്‍ എന്നറിയപ്പെടുന്ന കേരള മുസ്ലിങ്ങള്‍ സ്വകാര്യാവശ്യങ്ങള്‍ക്കു വേണ്ടി പ്രത്യേലിപികളിലൂടെ വളര്‍ത്തിയെടുത്ത ഭാഷയാണ് അറബിമലയാളം. അനേകം പ്രസ്ഥാനങ്ങളിലൂടെ ഇതിന്റെ സാഹിത്യം സമ്പന്നമായിത്തീര്‍ന്നു. കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കാനാരംഭിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്ക് മാതൃഭാഷയില്‍ മതവിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും അക്ഷരമാലയുടെ ആവശ്യം വന്നു. അറബിഭാഷയിലുള്ള ഖുര്‍ ആന്‍ സൂക്തങ്ങള്‍, നബിവചനങ്ങള്‍, സ്‌തോത്രങ്ങള്‍ എന്നിവ ഉച്ചാരണഭേദം കൂടാതെ ലിപിബദ്ധമാക്കുവാന്‍ അതിനുമുമ്പ് കഴിഞ്ഞിരുന്നില്ല. അറബിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതുവാനാകുന്നതരത്തില്‍ ചില പ്രത്യേക ചിഹ്നങ്ങള്‍ ഉണ്ടാക്കി. അങ്ങനെയാണ് പുതിയ അറബി ലിപി പ്രയോഗത്തില്‍വന്നത്. ഈ ലിപിയില്‍ എഴുതപ്പെട്ട മലയാളമാണ് അറബിമലയാളം. അറബിമലയാള ലിപി എപ്പോള്‍ രൂപംകൊണ്ടു എന്നു വ്യക്തമായി പറയാനുതകുന്ന തെളിവുകളൊന്നുമില്ല. മുഹിയിദ്ദീന്‍മാല എന്ന കീര്‍ത്തനപ്രധാനമായ ആദ്യം പ്രത്യക്ഷപ്പെട്ടത്. കൊല്ലവര്‍ഷം 782 (എ.ഡി. 1606) ആണെന്ന് അതില്‍ പ്രസ്താവമുണ്ട്. ഈ ഭാഷാരൂപത്തിന് കഷ്ടിച്ച് നാല് നൂറ്റാണ്ടിന്റെ പഴക്കമേയുള്ളു.
    അറബിപദങ്ങളും മലയാളപദങ്ങളും ഒന്നുപോലെ എഴുതാവുന്ന പതിനാല് അക്ഷരങ്ങളുണ്ട്. മലയാളത്തില്‍ മാത്രമുള്ള വ്യഞ്ജനങ്ങള്‍ എഴുതുന്നതിന് അറബി അക്ഷരങ്ങള്‍ക്ക് ചിഹ്നങ്ങള്‍ കൊടുത്ത ഏഴക്ഷരമുണ്ട്. അറബി പദങ്ങള്‍മാത്രം എഴുതാനുപകരിക്കുന്ന പന്ത്രണ്ടെണ്ണമുണ്ട്. ഇങ്ങനെ മുപ്പത്തഞ്ച് ലിപികളാണ് ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഗ, ഡ, ഴ, ഷ എന്നീ അക്ഷരങ്ങള്‍ക്ക് തുല്യമായ ലിപികള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. പില്‍ക്കാലത്ത് ഈ ഭാഷയുടെ വ്യവഹാരപ്രാധാന്യം വര്‍ധിച്ചതോടെ, അക്ഷരമാല പരിഷ്‌കരിക്കുവാന്‍ പലരും ശ്രമിച്ചു. സെയ്താലിക്കുട്ടി, സതാവുല്ലാമഖ്ദി തങ്ങള്‍, ശുജയീമുഹിയിദ്ദീന്‍ മുസലിയാര്‍, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ പേരുകള്‍ പ്രത്യേകം സ്മരണീയമാണ്. ആധുനിക അറബിമലയാളത്തില്‍ ആകെ അന്‍പത് അക്ഷരങ്ങളാണുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും സാമൂഹികവും വ്യക്തിപരവുമായ എല്ലാ കാര്യങ്ങള്‍ക്കും അറബിമലയാളമാണ് കേരളമുസ്ലിങ്ങള്‍ ഉപയോഗിച്ചുപോന്നിരുന്നത്. മൂവായിരത്തോളം സ്വകാര്യമദ്രസകളില്‍ അറബിമലയാളം പഠിപ്പിച്ചുപോരുന്നു.
    അറബിമലയാളത്തിലെ ഗദ്യവിഭാഗത്തില്‍ മതം, ചരിത്രം, കഥ, നോവല്‍, വൈദ്യശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളിലായി നിരവധി കൃതികളുണ്ട്. ഏതാനും മാസികകളും വാരികകളും കുറേക്കാലം പ്രചാരത്തിലുണ്ടായിരുന്നു. സ്വകാര്യമദ്രസകളിലെ പാഠപുസ്തകങ്ങള്‍ ഇന്നും അറബി മലയാളലിപിയില്‍ തന്നെയാണ് മുദ്രണം ചെയ്യുന്നത്.അറബി മലയാളത്തില്‍ എഴുതപ്പെട്ട കാവ്യങ്ങള്‍ക്ക് പൊതുവായുള്ള പേര്‍ മാപ്പിളപ്പാട്ടുകള്‍ എന്നാണ്. ഭാഷാകാവ്യങ്ങളില്‍നിന്നു ഭിന്നമായ ശൈലിയിലും ഭാവത്തിലുമാണ് മാപ്പിളക്കവികള്‍ അത് വികസിപ്പിച്ചെടുത്തത്. മാപ്പിളപ്പാട്ടുകള്‍ മലയാളലിപിയില്‍ അച്ചടിക്കാറുണ്ടെങ്കിലും പഴയ പാരമ്പര്യക്കാര്‍ അറബിമലയാളത്തില്‍ത്തന്നെയാണ് പ്രസിദ്ധീകരിച്ചത്.
    മാപ്പിളപ്പാട്ടുകള്‍ക്ക് പടപ്പാട്ടുകള്‍, ബിസപ്പാട്ടുകള്‍, നേര്‍ച്ചപ്പാട്ടുകള്‍, കെസ്സുകള്‍ (കല്യാണപ്പാട്ടുകള്‍), പദങ്ങള്‍, തിരിപ്പുകള്‍, ചിന്തുകള്‍, വര്‍ണങ്ങള്‍ എന്നിങ്ങനെ പല ശാഖകളുണ്ട്. മുസ്ലിങ്ങള്‍ നടത്തിയ സമരങ്ങളെ അധികരിച്ചു രചിക്കപ്പെട്ടവയാണ് പടപ്പാട്ടുകള്‍. ചരിത്രപരവും ഐതിഹ്യസംബന്ധികളുമായ ഇതിവൃത്തങ്ങളിലാണ് ആ ഗാനങ്ങള്‍. പ്രവാചകന്മാരുടെയും പൂര്‍വികന്മാരുടെയും സിദ്ധന്മാരുടെയും ജീവിതങ്ങളാണ് ബിസപ്പാട്ടുകളിലെ പ്രതിപാദ്യം; കല്പിത കഥകളുമുണ്ട്. നേര്‍ച്ചപ്പാട്ടുകള്‍ കീര്‍ത്തനപ്രധാനങ്ങളായ ചെറുകൃതികളാണ്. കെസ്സുകളില്‍ പ്രേമഗാനങ്ങളും സ്തുതിഗീതങ്ങളും ഉള്‍പ്പെടുന്നു. പദങ്ങള്‍, സംഗീതശാസ്ത്രമനുസരിച്ചുള്ള പല്ലവി, അനുപല്ലവി, ചരണം എന്നിവയോടുകൂടിയതാണ്. സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചും താളംപിടിച്ചും സംഘംചേര്‍ന്നു പാടാവുന്നവയുമാണ്. കല്യാണപ്പാട്ടുകള്‍ കല്യാണവേളകളില്‍ കൈകൊട്ടിപ്പാടിക്കളിക്കാനായി ഉപയോഗിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കല്യാണപ്പാട്ടുകളുണ്ട്. തിരിപ്പുകള്‍, ചിന്തുകള്‍, വര്‍ണങ്ങള്‍ എന്നീ ഗാനങ്ങള്‍ വിവാഹവേളകളില്‍ ഓരോരുത്തര്‍ പ്രത്യേകം പ്രത്യേകം പാടാന്‍ ഉപയോഗിക്കുന്നു. കെസ്സുകള്‍ എന്ന പ്രേമഗാനങ്ങള്‍ മലബാര്‍ പ്രദേശങ്ങളില്‍ ഒരു കാലത്ത് പ്രചരിച്ചിരുന്നെങ്കിലും അവയില്‍ പലതും അച്ചടിക്കപ്പെട്ടിട്ടില്ല. കെസ്സുപാട്ടുകളുടെ കൂട്ടത്തില്‍ ആദ്യമായി പ്രസിദ്ധം ചെയ്ത പ്രണയകാവ്യം മോയിന്‍കുട്ടിവൈദ്യരുടെ ബദറുല്‍മുനിര്‍ ആണ്.
    മാപ്പിളപ്പാട്ടുകളില്‍ വിവിധ രീതിയിലുള്ള വൃത്തങ്ങളിലാണ്. ദ്രാവിഡസംസ്‌കൃത വൃത്തങ്ങള്‍ക്കുപുറമേ മൂന്നും, ആറും, എട്ടും ശീലുകളുള്ള ചില പുതിയ വൃത്തങ്ങളും കാണാം. വര്‍ണവൃത്തങ്ങളും മാത്രാവൃത്തങ്ങളും ഉള്‍പ്പെടുന്നു. വൃത്തങ്ങളെല്ലാം ഇശല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
പ്രചാരത്തിലുള്ള അറബി മലയാളകൃതികളില്‍ മുഹിയിദ്ദീന്‍മാലയ്ക്കാണ് കൂടുതല്‍ പഴക്കമുള്ളത്. കോഴിക്കോട്ടെ ഖാസിയായിരുന്ന മുഹമ്മദാണ് രചയിതാവ്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശൈഖ്മുഹിയിദ്ദീന്‍ എന്ന സിദ്ധന്റെ അപദാനങ്ങളാണ് ഇതില്‍. മുഹിയിദ്ദീന്‍മാലയില്‍ 155 ഈരടികള്‍ മാത്രമാണുള്ളത്.പിന്നീട് അര നൂറ്റാണ്ടിനുശേഷം രചിക്കപ്പെട്ടതാണ് നൂല്‍മദ്ഹും കപ്പല്‍പ്പാട്ടും. നൂല്‍മദ്ഹിന്റെ രചന ഹിജ്‌റ 1151ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കപ്പല്‍പ്പാട്ടിന്റെ കാലം വ്യക്തമല്ല. തലശ്ശേരിക്കാരനായ ഒരു കുഞ്ഞായന്‍ മുസലിയാരുടെ കൃതികളാണ് ഇവ രണ്ടും. അദ്ദേഹം വടക്കന്‍ കോട്ടയത്തെ തമ്പുരാന്റെ ആശ്രിതനും മങ്ങാട്ടച്ചന്റെ സ്‌നേഹിതനുമായിരുന്നെന്നും പറയപ്പെടുന്നു. മുസലിയാരുടെ ഫലിതങ്ങളെ സംബന്ധിച്ചുള്ള പല കഥകളും വടക്കേ മലബാറില്‍ പ്രചാരത്തിലുണ്ട്.

മോയിന്‍കുട്ടിവൈദ്യര്‍

    അറബി മലയാളസാഹിത്യത്തിന്റെ വികാസത്തിന് ഏറ്റവും അധികം സംഭാവന നല്‍കിയത് മോയിന്‍കുട്ടിവൈദ്യര്‍ എന്ന കവിയാണ്. മലയാളത്തിനു നിരവധി നൂതന ഗേയവൃത്തങ്ങള്‍ അദ്ദേഹം നല്‍കി. മതപണ്ഡിതന്മാരില്‍മാത്രം ഒതുങ്ങിനിന്നിരുന്ന അറബിഗ്രന്ഥങ്ങളിലെ ചരിത്രവസ്തുതകള്‍ സാമാന്യജനങ്ങള്‍ക്കു സുഗ്രഹമായ ശൈലിയില്‍ ഗാനകാവ്യങ്ങളായി അവതരിപ്പിച്ചു. ശബ്ദാലങ്കാരബഹുലവും സംഗീതസമ്മിളിതവുമാണ് ഈ ഗാനകാവ്യങ്ങള്‍. മോയിന്‍കുട്ടിവൈദ്യരുടെ കൃതികളില്‍ ബദറൂല്‍മുനീര്‍ പ്രണയകാവ്യവും, സലീഖത്ത്, ബദര്‍, ഉഹദ്, മതിനിധിമാല എന്നിവ സമരഗാനങ്ങളും ഹിജ്‌റത്തുനബി ചരിത്രകാവ്യവുമാണ്.
    ഹുനൈന്‍ മഹാകാവ്യം രചിച്ച മാളിയക്കല്‍ കുഞ്ഞഹമ്മദ്, സലഫമാല രചിച്ച ശുജായി മുഹ്യിദ്ദീന്‍ മുസലിയാര്‍, ഫുത്തൂഹുശ്ശാമ് എഴുതിയ ചേറ്റുവായ് പരീക്കുട്ടി, മക്കാഫതഹിന്റെ കര്‍ത്താവ് മച്ചിങ്ങല്‍ മൊയ്തീന്‍ മൊല്ല, വലിയ നസീഹത്ത്മാല രചിച്ച മാനാക്കാന്റകത്ത് കുഞ്ഞിക്കോയ തുടങ്ങിയ കവികള്‍ മാപ്പിളസാഹിത്യത്തെ സമ്പന്നമാക്കി. കാഞ്ഞിരാല്‍ കുഞ്ഞിരായിന്‍, കുഞ്ഞിസീതിക്കോയ, അബ്ദുല്ല മുന്‍ഷി, മൊഗ്രാന്‍ കുഞ്ഞിപ്പക്കി, നാലകത്തു കുഞ്ഞിമൊയ്തീന്‍കുട്ടി, മരക്കാരുട്ടി എന്നീ കവികളുടെയും, പി.കെ. ഹലീമ, തിരുവാലൂര്‍ ആയിഷ, കുണ്ടില്‍ കുഞ്ഞാമിന എന്നീ കവയിത്രികളുടെയും സംഭാവനകളും ശ്രദ്ധേയമാണ്. ആധുനികകാലത്ത് നല്ല ഇത്ത്ബിരാന്‍, കടായിക്കല്‍ മൊയ്തീന്‍കുട്ടിഹാജി, ചാക്കിരീ മൊയ്തീന്‍കുട്ടി, ഉണ്ണിപ്പ, കുറ്റിപ്പിലാന്‍ അഹമദ്കുട്ടി, പയ്യല്‍ഖയ്യാത്ത്, വാഴപ്പുള്ളിയില്‍ മുഹമ്മദ്, ഉഹൈമിദ്, വൈദ്യരകത്തു കുഞ്ഞുമുഹമ്മദ്, മൊഗ്രാന്‍ കുഞ്ഞമ്മു എന്നിവര്‍ മാപ്പിളസാഹിത്യരംഗത്തു സജീവമായി നില്‍ക്കുന്നു.


പ്രസിദ്ധ മാപ്പിളക്കാവ്യങ്ങള്‍
    സഖൂംപട
    ജിന്‍പട
    ബഹ്നസ്ബദര്‍
    ഉഹദ്
    ഹുനൈന്‍
    മക്കാഫത്ഹ്
    ഹിജ്‌റ
    സെയ്തുപട
    സഫലമാല
    മതിനിധിമാല
    യുസുഫ്ഖിസ്സ
    ഇബ്രാഹീംഖിസ്സ