ആറില്‍ കുറവ് സര്‍ഗ്ഗങ്ങളുള്ള കാവ്യമാണ് ഖണ്ഡകാവ്യം. സംസ്‌കൃത കാവ്യാലങ്കാരികന്മാര്‍ മഹാകാവ്യവുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ടുള്ള ലക്ഷണനിര്‍ണ്ണയമാണ് നടത്തിയത്. മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ക്ക് പാശ്ചാത്യമാതൃകകളോടാണ് സാദൃശ്യം.
തീവ്രമായി പ്രതിഫലിക്കുന്ന കവിയുടെ വ്യക്തിത്വവും ഭാവനയും, കഥാപാത്രങ്ങളുടെ മാനസികവും വൈകാരികവുമായ ഭാവങ്ങള്‍ക്ക് ഊന്നല്‍, ജീവത്തായ അനുഭവങ്ങളുടെയും പ്രശ്‌നങ്ങളുടെയും അവതരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മാനുഷികതലത്തിന് പ്രാധാന്യവും മാനസികഭാവങ്ങളിലൂടെ സാമൂഹികസത്തയിലേക്കുള്ള വികാസവും മറ്റൊരു തലമാണ്.
    ഇരുപതാം നൂറ്റാണ്ടോടെ നാടുവാഴിത്തത്തിനും കൂട്ടുകുടുംബവ്യവസ്ഥയ്ക്കും ശൈഥില്യം സംഭവിച്ചു തുടങ്ങിയതോടെ പുതിയ സാമൂഹ്യ സാഹചര്യങ്ങളുണ്ടായി. ഇംഗ്ലീഷ് വിദ്യാഭ്യാസവും സ്വാതന്ത്ര്യസമരപ്രസ്ഥാനവും പുരോഗമനാശയങ്ങളും സമൂഹത്തിലും വ്യക്തിയിലും സ്വാധീനം ചെലുത്തിയ കാലം. ഇതിനെത്തുടര്‍ന്ന് കാവ്യപ്രസ്ഥാനങ്ങള്‍ നവോത്ഥാനത്തിന്റെ വെളിച്ചം സ്വീകരിച്ചുതുടങ്ങി. അങ്ങനെ സാഹിത്യത്തില്‍ കാല്പനികതയും അതിന്റെ ഭാഗമായി ഖണ്ഡകാവ്യങ്ങളും ഉണ്ടായിത്തുടങ്ങി.
മലയാളത്തില്‍ ഖണ്ഡകാവ്യങ്ങള്‍ക്ക് തുടക്കം കുറിച്ച കൃതികള്‍ ഇനിപ്പറയുന്നു: അനസ്താസിയയുടെ രക്തസാക്ഷ്യം  (കുര്യാക്കോസ് ഏലിയാസ് ചാവറ (ചാവറയച്ചന്‍), മലയവിലാസം (ഏ.ആര്‍. രാജരാജവര്‍മ്മ)
വീണപൂവ് (കുമാരനാശാന്‍), ദൈവയോഗം (കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍), ആസന്നമരണചിന്താശതകം (കെ.സി. കേശവപിള്ള).