ചമ്പുവെന്ന പോലെ സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തില്‍ പറിച്ചുനട്ട മറ്റൊരു പ്രസ്ഥാനമാണ് സന്ദേശകാവ്യം. വിശ്വസാഹിത്യത്തിലെ ഉത്തമ കാവ്യങ്ങളിലൊന്നായി കരുതപ്പെടുന്ന കാളിദാസന്റെ 'മേഘദൂതം' ആണ് സംസ്‌കൃതത്തിലെ സന്ദേശകാവ്യ പ്രസ്ഥാനത്തിലെ ആദ്യ പ്രചോദനം. പരസ്പര പ്രേമബദ്ധരായ സ്ത്രീ പുരുഷന്മാര്‍ ദുര്‍വ്വിധി കാരണം പിരിഞ്ഞിരിക്കേണ്ടി വരിക. വിരഹദുഃഖം പൊറുക്കാനാകാതെ കാമുകന്‍ കാമുകിക്ക് ഒരു വസ്തുവിനോടോ മനുഷ്യനോടോ തന്റെ സന്ദേശം കൊടുത്തയക്കുക, സന്ദേശം കാമുകിക്ക് എത്തിച്ച് അവളുടെ ഉത്കണ്ഠയ്ക്കും മനോവേദനയ്ക്കും ശമനം വരുത്തുക, നായികാ ഭവനം വരെയുളള വഴി സന്ദേശ വാഹകന് സവിസ്തരം വര്‍ണ്ണിച്ചു കൊടുക്കുക – ഇതാണ് പൊതുവേ സന്ദേശകാവ്യത്തിന്റെ ഉളളടക്കം.
ആദ്യകാല മണപ്രവാളത്തിലെഴുതിയ സന്ദേശ കാവ്യങ്ങള്‍ മുന്നാണ്. ഉണ്ണുനീലി  സന്ദേശം, കോകസന്ദേശം, കാകസന്ദേശം. സ്വപ്നവും ഭാവനയും എല്ലാം ഇടകലര്‍ന്നതാണ് സന്ദേശ കാവ്യങ്ങള്‍. ആവിഷ്‌കാര പ്രധാനമായ പ്രേമകാവ്യങ്ങള്‍ എന്നു വിളിക്കാം. ഒരു തരത്തില്‍ യാത്രാ വിവരണങ്ങള്‍ കൂടിയാണിവ. വിപ്രലംഭ ശൃംഗാര കാവ്യത്തിന്റെ പേരില്‍ കുറേ സ്ഥലവര്‍ണ്ണനകളും സ്ത്രീ വര്‍ണ്ണനകളും നടത്തുകയാണ് ഇവിടെ ലക്ഷ്യം.