ബൗദ്ധധര്‍മ പ്രതിപാദകമായ സാഹിത്യവിഭാഗത്തെ അഭിധര്‍മസാഹിത്യം എന്ന് വിളിക്കുന്നു. ബുദ്ധമതത്തിന്റെ ധര്‍മതത്ത്വസംഹിതയ്ക്ക് സാമാന്യമായി പറയുന്ന പേരാണ് ത്രിപിടകം (പാലിയില്‍ തിപിടക). ബുദ്ധഭിക്ഷുക്കള്‍ പാലി ഭാഷയില്‍ ഓലയിലെഴുതിയ മൂന്നു വിഭാഗങ്ങളുള്ള തത്ത്വസംഹിത ശ്രദ്ധാപൂര്‍വം പിടകങ്ങളില്‍ സംഭരിച്ചുവച്ചിരിക്കുന്നതിനാലാണ് ഈ പേരു വന്നത്. പിടകം, പിട എന്നീ വാക്കുകള്‍ക്ക് പേടകം, കുട്ട, വട്ടി തുടങ്ങിയ അര്‍ഥങ്ങള്‍ ഉണ്ട്. പിടകങ്ങളില്‍ സംഭൃതമായ മൂന്നു ധര്‍മസംഹിതകളുടെ സമാഹാരമാണ് ത്രിപിടകം; ഈ മൂന്നു സംഹിതകള്‍ വിനയപിടകം, സൂത്രപിടകം, (പാലി: സുത്തപിടക), അഭിധര്‍മപിടകം (പാലി : അഭിധമ്മപിടക) എന്നിവയാണ്.
    ആശ്രമത്തിലെ അനുഷ്ഠാനവിധികള്‍, ശിക്ഷണനിയമങ്ങള്‍ തുടങ്ങിയവ പ്രതിപാദിക്കുന്ന അഞ്ചു ഭാഗങ്ങളുണ്ട് വിനയപിടകത്തിന്. സൂത്രപിടകം ബുദ്ധന്റെ സകലധര്‍മ പ്രഭാഷണങ്ങളുടെയും സമാഹാരമാണ്. ഈ പിടകം രണ്ടു നികായങ്ങള്‍ (സമാഹാരങ്ങള്‍) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തേതായ അഭിധര്‍മപിടകം ബുദ്ധമതത്തിന്റെ സമുന്നതമായ ദര്‍ശനമാണ്. മൂന്നു പിടകങ്ങളിലുംവച്ച് അഭിധര്‍മമാണ് ഏറ്റവും പ്രധാനം.