തമിഴിന്റെ കൈത്താങ്ങോടെ 'പാട്ട്' എന്ന പ്രസ്ഥാനവും സംസ്‌കൃതത്തിന്റെ സഹായത്തോടെ മണിപ്രവാളം എന്ന പേരിലും പ്രശസ്തമായ കാലഘട്ടത്തില്‍, ശുദ്ധമലയാളത്തില്‍, കടംകൊള്ളാത്ത വൃത്തത്തില്‍ നീണ്ട ഒരു മഹാകാവ്യം തന്നെ ഒരു കേരളീയന്‍ രചിച്ചു. അതാണ് കൃഷ്ണഗാഥ. ഇതിന്റെ പ്രശസ്തിയോടെ ഗാഥ ഒരു പ്രസ്ഥാനമായി രൂപം കൊണ്ടു.
'ഗാഥ'എന്ന വാക്കിന് 'ഗാനം' എന്നാണ് അര്‍ത്ഥം. സംസ്‌കൃതവൃത്തങ്ങള്‍ക്ക് രൂപവും ലക്ഷണവും
സുദൃഢമായിത്തീര്‍ന്നപ്പോള്‍ അവയില്‍ ഉള്‍പ്പെടാത്ത പദ്യങ്ങളയെല്ലാം ഗാഥ എന്ന് പറഞ്ഞുവന്നു. 'മഞ്ജരി' വൃത്തത്തിലുള്ള ഗാനങ്ങളെ മാത്രമാണ് ഗാഥ എന്നു പറയുന്നത്.
മലയാളഭാഷയുടെ സ്വതന്ത്ര സമ്പത്താണ് ഗാഥാവൃത്തം. ചെറുശ്‌ശേരിയാണ് കൃഷ്ണഗാഥയിലൂടെ ഈ വൃത്തത്തിന് ചിരപ്രതിഷ്ഠനേടിയത്. നാടോടി മലയാളവൃത്തമെന്നു ഇതിനെ വിളിക്കാം.

'ഒന്നാകും കുന്നിന്‌മേലോരടിക്കുന്നിന്‌മേ-
ലൊന്നല്ലോ മങ്കമാര്‍ പാലനട്ടു
പാലയ്ക്കില വന്നു പൂവന്നു കാവന്നു
പാലയ്ക്കു പാല്‍കൊടു പാര്‍വ്വതിയേ'
എന്നത് ഈ വൃത്തത്തിലുള്ളതാണ്.

    ഗാഥാ പ്രസ്ഥാനത്തിലെ പ്രഥമഗണനീയമായ കാവ്യം 'കൃഷ്ണഗാഥ'യാണ്. ഭാരതഗാഥയുടെ രചയിതാവും ചെറുശ്‌ശേരിയാണെന്നാണ് കരുതുന്നത്. കൃഷ്ണഗാഥക്കും ഭാരതഗാഥയ്ക്കുംശേഷം കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍ 'ഭാഗവതം ഗാഥ' എഴുതുന്നതുവരെയുള്ള നീണ്ട കാലഘട്ടത്തില്‍ ഗാഥയില്‍ നിരവധി കൃതികളുണ്ടായിരിക്കണം. പക്ഷേ, എടുത്തു പറയത്തക്കതായി അധികമില്ല.