പുരാതന കേരളത്തിലെ അത്ഭുതചരിതരായ ഏതാനും വീരനായകന്മാരെ വാഴ്ത്തുകയും ചിത്രീകരിക്കുകയും ചെയ്യുന്നതാണ് വടക്കന്‍ പാട്ടുകള്‍. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെ ജീവിച്ചിരുന്ന എഴുത്തച്ഛന്റെ കാലത്തോ അതിനടുത്തോ ഉണ്ടായ ഒരു കഥാഗാന സമുച്ചയമാണ് വടക്കന്‍പാട്ടുകള്‍. ഉത്തരകേരളത്തിലെ കടത്തനാട്ടിലും സമീപപ്രദേശങ്ങളിലും വസിച്ചിരുന്ന പല ധീരയോദ്ധാക്കളുടെയും അപദാനങ്ങളാണിത്. കളരിപ്പയറ്റും യുദ്ധമുറകളും വര്‍ണ്ണിച്ചിരിക്കുന്നു. തച്ചോളി മാണിക്കത്തുവീട്, പുത്തൂരം വീട് എന്നീ രണ്ട് പ്രശസ്ത കുടുംബങ്ങളിലെ മാനികളായ ധീരപുരുഷകേസരികളുടെ ചരിത്രമാണ് മുഖ്യപ്രതിപാദ്യം. തച്ചോളി ഒതേനന്‍, തച്ചോളി ചന്തു, ആരോമല്‍ ചേകവര്‍, ആരോമലുണ്ണി, പാലാട്ടുകോമന്‍, അരിങ്ങോടര്‍, കരുമ്പറമ്പില്‍ കണ്ണന്‍, പുതുനാടന്‍ കേളു തുടങ്ങിയ വീരപുരുഷന്മാരും കുടര്‍മാലക്കൊങ്കി, ആറ്റുമണന്‌മേല്‍ ഉണ്ണിയാര്‍ച്ച മുതലായ ധീരവനിതകളും അന്നത്തെ കേരളത്തിന്റെ അഭിമാനസ്തംഭങ്ങളാണ്. അവര്‍ക്ക് അന്നത്തെ സമുദായവും ഭരണാധികാരികളും കല്പിച്ചിരുന്ന പ്രാമാണ്യവും ആദരവും പാട്ടുകളില്‍ കാണാം.
ഈ വീരന്മാരുടെ പ്രധാന കേളീരംഗം കോലത്തിരിനാട്, കടത്തനാട്, വയനാട്, വടകര എന്നിവിടങ്ങളാണ്. രാജാക്കന്മാര്‍ പോലും തങ്ങളുടെ കൈക്കടങ്ങാത്ത എതിരാളിയെ മര്യാദപഠിപ്പിക്കാന്‍ ചേകവന്മാരെ തേടുന്നു.
വീരാത്ഭുതരസങ്ങളാണ് വടക്കന്‍ പാട്ടുകളില്‍ സ്ഫുരിക്കുന്നത്. തനി നാടോടിയായ ഭാഷ, ആര്‍ജവവും വൈശദ്യവും മുറ്റിനില്‍ക്കുന്ന ആഖ്യാനം, സംഗീതജ്ഞാനമില്ലാത്തവര്‍ക്കും പാടാവുന്ന ഗാനരീതി എന്നിവ വടക്കന്‍ പാട്ടുകളുടെ വിശിഷ്ട ലക്ഷണങ്ങളാണ്. 'ഈ വകപെണ്ണുങ്ങള്‍പ്പൂമീലുണ്ടോ..' എന്ന് അത്ഭുതം വിടര്‍ന്ന കണ്ണുകളോടെ നോക്കുന്ന കവിയുടെ മനസ്‌സില്‍ ഓടിയെത്തുന്ന കല്പനകളുടെ നാടന്‍മണവും ഓമനത്തവും ഹൃദ്യമാണ്.