ഇരയിമ്മന്‍തമ്പി (1782_1856)

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സദസ്‌സിലെ പ്രമുഖനായിരുന്നു ഇരയിമ്മന്‍തമ്പി എന്ന രവിവര്‍മ്മന്‍തമ്പി.

‘ഓമനത്തിങ്കള്‍ക്കിടാവോ’ എന്ന മനോഹരമായ താരാട്ടുപാട്ടെഴുതിയ ഇരയിമ്മന്‍തമ്പി എന്ന കവിയെ മലയാളികള്‍ക്ക് ഒരു കാലത്തും മറക്കാനാവില്ല.

സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ പാണ്ഡിത്യമുണ്ടായിരുന്ന ഇരയിമ്മന്‍തമ്പി ദക്ഷയാഗം, കീചകവധം, ഉത്തരാസ്വയംവരം എന്നീ ആട്ടക്കഥകളും അനേകം കീര്‍ത്തനങ്ങളും വര്‍ണങ്ങളും പദങ്ങളും രചിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ നവരാത്രി മഹോത്സവത്തെ വര്‍ണിക്കുന്ന ‘നവരാത്രി’ പ്രബന്ധം എന്നൊരു കൃതിയും തമ്പി രചിച്ചിട്ടുണ്ട്.

തമ്പിയുടെ കൃതികളിലെ വൈശിഷ്ട്യവും വൈവിദ്ധ്യവും കേരളത്തിലെ വാഗേ്ഗയകാരന്മാരില്‍ സ്വാതിതിരുനാളിനു തൊട്ടടുത്ത സ്ഥാനത്തിനുള്ള അര്‍ഹത അദ്ദേഹത്തിന് അനായേസന നേടിക്കൊടുക്കുന്നു.

കര്‍ണാടക സംഗീതത്തിന്റെ പ്രധാനരൂപങ്ങളായ വര്‍ണം, കീര്‍ത്തനം, പദം എന്നീ മൂന്നു വിഭാഗങ്ങളിലും പെട്ട മലയാളഗാനങ്ങള്‍ രചിച്ചിട്ടുള്ള ഒരൊറ്റയാള്‍ ഇരയിമ്മന്‍തമ്പിയാണ്. സ്വാതിതിരുനാള്‍ മലയാളത്തില്‍ ഒരു വര്‍ണവും അന്‍പതു പദങ്ങളും രചിച്ചിട്ടുണ്ട്; പക്ഷേ മലയാളകീര്‍ത്തനം രചിച്ചിട്ടില്ല.

ഇരയിമ്മന്‍തമ്പിയുടേതായി അഞ്ചുവര്‍ണങ്ങളുണ്ട്. സംഗീതത്തിന്റെ ശാസ്ത്രീയ വശങ്ങളെപ്പറ്റി അഗാധമായ പാണ്ഡിത്യവും ആ പാണ്ഡിത്യത്തെ സൃഷ്ടിപരമായി പ്രകാശിപ്പിക്കുന്നതിന് കഴിവും ഉള്ളവര്‍ക്കേ വര്‍ണം രചിക്കാന്‍ സാധിക്കുകയുള്ളൂ.

വര്‍ണ്ണങ്ങളും കീര്‍ത്തനങ്ങളും ഇരയിമ്മന്‍തമ്പിയുടെ ശാസ്ത്രീയ സംഗീത വൈദഗ്ദ്ധ്യത്തിന് ഉത്തമോദാഹരണങ്ങളാണ്. പദങ്ങളിലാണ് അദ്ദേഹത്തിന്റെ കലാരസികതയുടെ പാരമ്യം ദര്‍ശിക്കാനാവുന്നത്.

കവയിത്രിയും ഗാനകൃത്തുമായ കുട്ടിക്കുഞ്ഞു തങ്കച്ചി ഇരയിമ്മന്‍തമ്പിയുടെ മകളാണ്.

ഇരയിമ്മന്‍തമ്പിയുടെ ഗാനങ്ങളുടെ വൈശിഷ്ട്യത്തെപ്പറ്റി ആര്‍. നാരായണപ്പണിക്കര്‍ ‘കേരളഭാഷാസാഹിത്യചരിത്ര’ ത്തില്‍ ഇങ്ങനെ എഴുതുന്നു:” ….ആട്ടക്കഥാകാരന്മാരുടെ കൂട്ടത്തില്‍ എന്നല്ല, കേരളീയ കവികളുടെ കൂട്ടത്തില്‍ ഇരയിമ്മന്‍തമ്പിക്കുള്ള സ്ഥാനം അദ്വിതീയമാകുന്നു. സംഗീതസാഹിത്യങ്ങളുടെ ഹൃദ്യമായ പരസ്പരസമ്മേളനംകൊണ്ട് സുമധുരമായിരിക്കുന്ന അദ്ദേഹത്തിന്റെ മണിപ്രവാളപദങ്ങളോട് കിടപിടിക്കുന്ന പദങ്ങള്‍ സ്വാതിതിരുനാള്‍ തമ്പുരാന്‍ പോലും രചിച്ചിട്ടുണ്ടോയെന്നു സംശയമാണ്. സംഗീതാത്മകമായ സാഹിത്യവും സാഹിതീഗുണവിശിഷ്ടമായ സംഗീതവും തമ്പിയുടെ പദങ്ങളില്‍ ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു

 

തയ്യാറാക്കിയത്:   പ്രശസ്ത സംഗീത നിരൂപകന്‍ പി. രവികുമാര്‍