മാപ്പിളമാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മലബാര്‍ മുസ്ലിങ്ങള്‍ പ്രത്യേകതരം ലിപികളിലൂടെ വളര്‍ത്തിയെടുത്ത ഭാഷയാണ് അറബിമലയാളം. കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കാനാരംഭിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്ക് മാതൃഭാഷയില്‍ മതവിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും ഒരക്ഷരമാല വേണ്ടിവന്നു. അറബിഭാഷയിലുള്ള ഖുര്‍ ആന്‍ സൂക്തങ്ങള്‍, നബിവചനങ്ങള്‍, സ്‌തോത്രങ്ങള്‍ എന്നിവ മലയാളത്തില്‍ എഴുതാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ചില പ്രത്യേക ചിഹ്നങ്ങള്‍ നല്‍കി അറബി ലിപിമാലയെ പരിഷ്‌കരിച്ചെടുത്തു. പില്‍ക്കാലത്ത് ഈ പുതിയ അറബി ലിപി പ്രയോഗത്തില്‍വന്നു. ഈ ലിപിയില്‍ എഴുതപ്പെട്ട മലയാളമാണ് അറബിമലയാളം.
കീര്‍ത്തനപ്രധാനമായ മുഹിയിദ്ദീന്‍മാല എന്ന അറബിമലയാളകൃതിയാണ് ആദ്യത്തേത്. രചന കൊല്ലവര്‍ഷം 782 (എ.ഡി. 1606). അറബിപദങ്ങളും മലയാളപദങ്ങളും ഒന്നുപോലെ എഴുതാവുന്ന പതിനാലും മലയാളത്തില്‍ മാത്രമുള്ള വ്യഞ്ജനങ്ങള്‍ എഴുതുന്നതിനായി അറബി അക്ഷരങ്ങള്‍ക്ക് ചിഹ്നങ്ങള്‍ കൊടുത്ത ഏഴും അറബി പദങ്ങള്‍മാത്രം എഴുതാനുപകരിക്കുന്ന പന്ത്രണ്ടുംകൂടി മുപ്പത്തഞ്ച് ലിപികളാണ് ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഗ, ഡ, ഴ, ഷ എന്നീ അക്ഷരങ്ങള്‍ക്ക് തുല്യമായ ലിപികള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. പില്‍ക്കാലത്ത് പലരും ഇത് പരിഷ്‌കരിക്കുവാന്‍ ശ്രമിച്ചു. ഈ ലിപി പരിഷ്‌കരണയത്‌നത്തില്‍ ഏര്‍പ്പെട്ടവരുടെ കൂട്ടത്തില്‍ സെയ്താലിക്കുട്ടി, സതാവുല്ലാമഖ്ദി തങ്ങള്‍, ശുജയീമുഹിയിദ്ദീന്‍ മുസലിയാര്‍, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ പ്രത്യേകം സ്മരണീരാണ്. ആധുനിക അറബിമലയാളത്തില്‍ ആകെ അന്‍പത് അക്ഷരങ്ങളാണുള്ളത്.
കേരളത്തിലെ മൂവായിരത്തോളം സ്വകാര്യമദ്രസകളില്‍ അറബിമലയാളം പഠിപ്പിച്ചുപോരുന്നു. ഗദ്യം, പദ്യം എന്നു രണ്ടായി അറബി മലയാള സാഹിത്യത്തെ വിഭജിക്കാം. ഗദ്യവിഭാഗത്തില്‍ മതം, ചരിത്രം, കഥ, നോവല്‍, വൈദ്യശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളില്‍ നിരവധി കൃതികളുണ്ട്; ഏതാനും മാസികകളും വാരികകളും കുറേക്കാലം പ്രചാരത്തിലുണ്ടായിരുന്നു. സ്വകാര്യമദ്രസകളിലെ പാഠപുസ്തകങ്ങള്‍ ഇന്നും അറബി മലയാളലിപിയില്‍ തന്നെയാണ്.
അറബി മലയാളത്തില്‍ എഴുതപ്പെട്ട കാവ്യങ്ങളാണ് മാപ്പിളപ്പാട്ടുകള്‍. ഭാഷാകാവ്യങ്ങളില്‍നിന്നു ഭിന്നമായ ശൈലിയിലും ഭാവത്തിലും മാപ്പിളക്കവികള്‍ രചിച്ച ഈ ഗേയകാവ്യങ്ങള്‍ക്ക് ആ പേര്‍ തികച്ചും അന്വര്‍ഥമായിരിക്കുന്നു. മാപ്പിളപ്പാട്ടുകള്‍ മലയാളലിപിയില്‍ അച്ചടിക്കാറുണ്ടെങ്കിലും പഴയ പാരമ്പര്യക്കാര്‍ അറബിമലയാളത്തില്‍ത്തന്നെയാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്.
മാപ്പിളപ്പാട്ടുകള്‍ക്ക് പടപ്പാട്ടുകള്‍, ബിസപ്പാട്ടുകള്‍, നേര്‍ച്ചപ്പാട്ടുകള്‍, കെസ്സുകള്‍ (കല്യാണപ്പാട്ടുകള്‍), പദങ്ങള്‍, തിരിപ്പുകള്‍, ചിന്തുകള്‍, വര്‍ണങ്ങള്‍ എന്നിങ്ങനെ പല ശാഖകളുണ്ട്. പടപ്പാട്ടുകള്‍ മുസ്ലിങ്ങള്‍ നടത്തിയ സമരങ്ങളെ അധികരിച്ചു രചിക്കപ്പെട്ടവയാണ്. ചരിത്രപരവും ഐതിഹ്യസംബന്ധികളുമായ ഇതിവൃത്തങ്ങളിലാണ് ആ ഗാനങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. പ്രവാചകന്മാരുടെയും പൂര്‍വികന്മാരുടെയും സിദ്ധന്മാരുടെയും ജീവിതങ്ങളാണ് ബിസപ്പാട്ടുകളിലെ പ്രതിപാദ്യം; കല്പിത കഥകളും ഇല്ലാതില്ല. നേര്‍ച്ചപ്പാട്ടുകള്‍ കീര്‍ത്തനപ്രധാനങ്ങളായ ചെറുകൃതികളാണ്. കെസ്സുകളില്‍ പ്രേമഗാനങ്ങളും സ്തുതിഗീതങ്ങളും ഉള്‍പ്പെടുന്നു. പദങ്ങള്‍’ സംഗീതശാസ്ത്രമനുസരിച്ചുള്ള പല്ലവി, അനുപല്ലവി, ചരണം എന്നിവയോടുകൂടിയതും സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചും താളംപിടിച്ചും സംഘംചേര്‍ന്നു പാടാവുന്നവയുമാണ്. കല്യാണപ്പാട്ടുകള്‍ കല്യാണവേളകളില്‍ കൈകൊട്ടിപ്പാടിക്കളിക്കാനായി ഉപയോഗിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കല്യാണപ്പാട്ടുകളുണ്ട്. തിരിപ്പുകള്‍, ചിന്തുകള്‍, വര്‍ണങ്ങള്‍ എന്നീ ഗാനങ്ങള്‍ വിവാഹവേളകളില്‍ ഓരോരുത്തര്‍ പ്രത്യേകം പ്രത്യേകം പാടാന്‍ ഉപയോഗിക്കുന്നു. കെസ്സുപാട്ടുകളുടെ കൂട്ടത്തില്‍ ആദ്യമായി പ്രസിദ്ധം ചെയ്ത പ്രണയകാവ്യം മോയിന്‍കുട്ടിവൈദ്യരുടെ ബദറുല്‍മുനിര്‍ ആണ്.
പ്രചാരത്തിലുള്ള അറബി മലയാളകൃതികളില്‍ മുഹിയിദ്ദീന്‍മാലയ്ക്കാണ് കൂടുതല്‍ പഴക്കമുള്ളത്. കോഴിക്കോട്ടെ ഖാസിയായിരുന്ന മുഹമ്മദ് ആണ് രചയിതാവ്; ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശൈഖ്മുഹിയിദ്ദീന്‍ എന്ന സിദ്ധന്റെ അപദാനങ്ങളാണ് ഇതിവൃത്തം. മുഹിയിദ്ദീന്‍മാലയില്‍ 155 ഈരടികള്‍ മാത്രമാണുള്ളത്. പിന്നീട് അര നൂറ്റാണ്ടിനുശേഷം രചിക്കപ്പെട്ടതാണ് നൂല്‍മദ്ഹും, കപ്പല്‍പ്പാട്ടും. നൂല്‍മദ്ഹിന്റെ രചന ഹിജ്‌റ 1151ലാണ്. കപ്പല്‍പ്പാട്ടിന്റെ കാലം വ്യക്തമല്ല. തലശ്ശേരിക്കാരനായ ഒരു കുഞ്ഞായന്‍ മുസലിയാരുടെ കൃതികളാണ് ഇവ രണ്ടും. അദ്ദേഹം വടക്കന്‍ കോട്ടയത്തെ തമ്പുരാന്റെ ആശ്രിതനും മങ്ങാട്ടച്ചന്റെ സ്‌നേഹിതനുമായിരുന്നെന്നും പറയപ്പെടുന്നു. അറബി മലയാളസാഹിത്യത്തിന്റെ വികാസത്തിന് ഏറ്റവും അധികം സംഭാവന നല്‍കിയത് മോയിന്‍കുട്ടിവൈദ്യര്‍ എന്ന കവിയാണ്.മലയാളത്തിനു നിരവധി നൂതന ഗേയവൃത്തങ്ങള്‍ പ്രദാനം ചെയ്തു. മതപണ്ഡിതന്മാരില്‍മാത്രം ഒതുങ്ങിനിന്നിരുന്ന അറബിഗ്രന്ഥങ്ങളിലെ ചരിത്രവസ്തുതകള്‍ സാമാന്യജനങ്ങള്‍ക്കു മനസ്സിലാകുന്ന ശൈലിയില്‍ ഗാനകാവ്യങ്ങളായി അവതരിപ്പിച്ചു. ശബ്ദാലങ്കാരബഹുലവും സംഗീതസമ്മിളിതവുമായ ഈ ഗാനകാവ്യങ്ങള്‍ സഹൃദയഹൃദയങ്ങള്‍ക്ക് അവാച്യമായ ആഹ്ലാദം പ്രദാനം ചെയ്യുന്നു.

മോയിന്‍കുട്ടിവൈദ്യരുടെ കൃതികളില്‍ ബദറൂല്‍മുനീര്‍ പ്രണയകാവ്യവും, സലീഖത്ത്, ബദര്‍, ഉഹദ്, മതിനിധിമാല എന്നിവ സമരഗാനങ്ങളും ഹിജ്‌റത്തുനബി എന്നത് ചരിത്രകാവ്യവുമാണ്.

ഹുനൈന്‍ മഹാകാവ്യം രചിച്ച മാളിയക്കല്‍ കുഞ്ഞഹമ്മദ്, സലഫമാല രചിച്ച ശുജായി മുഹ്യിദ്ദീന്‍ മുസലിയാര്‍, ഫുത്തൂഹുശ്ശാമ് എഴുതിയ ചേറ്റുവായ് പരീക്കുട്ടി, മക്കാഫതഹിന്റെ കര്‍ത്താവ് മച്ചിങ്ങല്‍ മൊയ്തീന്‍ മൊല്ല, വലിയ നസീഹത്ത്മാല രചിച്ച മാനാക്കാന്റകത്ത് കുഞ്ഞിക്കോയ തുടങ്ങിയ കവികള്‍ മാപ്പിളസാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്. കാഞ്ഞിരാല്‍ കുഞ്ഞിരായിന്‍, കുഞ്ഞിസീതിക്കോയ, അബ്ദുല്ല മുന്‍ഷി, മൊഗ്രാന്‍ കുഞ്ഞിപ്പക്കി, നാലകത്തു കുഞ്ഞിമൊയ്തീന്‍കുട്ടി, മരക്കാരുട്ടി എന്നീ കവികളുടെയും, പി.കെ. ഹലീമ, തിരുവാലൂര്‍ ആയിഷ, കുണ്ടില്‍ കുഞ്ഞാമിന എന്നീ കവയിത്രികളുടെയും സംഭാവനകളും സ്മരണീയങ്ങളത്രെ.

 

പ്രസിദ്ധ മാപ്പിളക്കാവ്യങ്ങള്‍

സഖൂംപട
ജിന്‍പട
ബഹ്നസ്ബദര്‍
ഉഹദ്
ഹുനൈന്‍
മക്കാഫത്ഹ്
ഹിജ്‌റ
സെയ്തുപട
സഫലമാല
മതിനിധിമാല
യുസുഫ്ഖിസ്സ
ഇബ്രാഹീംഖിസ്സ