കേരളത്തിലെ നാടോടികളായ കാക്കാലന്മാരുടെ പരമ്പരാഗതമായ ആക്ഷേപഹാസ്യനാടകമാണ് കാക്കരിശ്ശിനാടകം. സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം എന്നിവ അടങ്ങിയ കലാരൂപമാണ് കാക്കാരിശ്ശി നാടകം. മധ്യതിരുവതാംകൂറിനു തെക്കോട്ടുള്ള പ്രദേശങ്ങളില്‍ നിലനിന്ന നാടന്‍ കലയാണിത്. മധ്യതിരുവതാംകൂറില്‍ പാണന്മാര്, കമ്മാളന്മാര് എന്നിവരും, തെക്ക് ഈഴവരും കുറവരുമാണ് ഇവ അവതരിപ്പിക്കുന്നത്.
കാക്കാരിശ്ശികളി, കാക്കാലച്ചിനാടകം, കാക്കാരുകളി എന്നും ചിലഭാഗങ്ങളില്‍ അറിയപ്പെടുന്നു. ശിവന്, പാര്‍വതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളും ഇതിലുണ്ട്. ഇവര്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള കാക്കാലന്മാരുടെ ഇടയില്‍ വന്നു ജനിക്കുന്നതായാണ് സങ്കല്പം.
കേരളത്തിലെ ജാതിസമ്പ്രദായത്തില്‍ ഏറ്റവും താഴെക്കിടയിലുള്ളവരെന്ന് കരുതിപ്പോന്നിരുന്ന കാക്കാലര്‍ നാടോടികളാണ്. ഇന്നും അവര്‍ നാടോടി പാരമ്പര്യം ഏറക്കുറെ കാത്തുസൂക്ഷിക്കുന്നു. ഭിക്ഷാടനം പൈതൃകമായി ലഭിച്ച ജോലിയായി കരുതിപ്പോരുന്നു. ഹസ്തരേഖാശാസ്ത്രം, പക്ഷിശാസ്ത്രം തുടങ്ങിയ ജോലികളും അവര്‍ ചെയ്തുവരുന്നു.
കാക്കാരിശ്ശി നാടകത്തിന് ഒരു പ്രത്യേക ഘടനയുണ്ട്. മിക്കവാറും എല്ലാ നാടകങ്ങളിലും സുന്ദരന്‍ കാക്കാനാണ് മുഖ്യനായകന്‍. ഇതിനു പുറമെ കാക്കാത്തിമാര്, വേടന് തുടങ്ങിയ പ്രധാനകഥാപാത്രങ്ങളും ഉണ്ടാകും. കാക്കാലവര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം തന്നെയാണ് സുന്ദരന്‍ കാക്കാന്‍. പാട്ടുപാടി ചുവടുവെച്ചുകൊണ്ടാണ് കഥാപാത്രങ്ങള്‍ അഭിനയിക്കുന്നത്.
വന്ദനഗാനത്തോടെയാണ് നാടകം തുടങ്ങുന്നത്. തുടര്‍ന്ന് കാക്കാലന്‍ പ്രവേശിക്കുന്നു. കൈയില്‍ ഉയര്‍ത്തിപ്പിടിച്ച പന്തവുമായി താളം ചവുട്ടിക്കൊണ്ടാണ് കക്കാലന്റെ വരവ്. ചോദ്യക്കാരനായി വേദിയില്‍ 'തമ്പുരാന്'ഉണ്ടാവും. തമ്പുരാന്റെ ചോദ്യവും കാക്കാലന്റെ വിശദീകരിച്ച മറുപടിയുമായാണ് നാടകം മുന്നോട്ടുപോകുന്നത്. പാട്ടും നൃത്തവുമായി അരങ്ങുതകര്‍ത്തുകൊണ്ടാണ് നാടകം പുരോഗമിക്കുന്നത്.
. കളി ഏകദേശം നാലുമണിക്കൂറോളം നീണ്ടുനില്‍ക്കും. കളിക്കിടയില്‍ പല ഉപകഥകളും കൂട്ടിചേര്‍ക്കാറുണ്ട്. പ്രാകൃത രീതിയിലുള്ള വേഷവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. വാദ്യോപകരണങ്ങളായി ഇലത്താളം, ഗഞ്ചിറ, മൃദംഗം, കൈമണി എന്നിവ ഉപയോഗിക്കുന്നു.
കളിയില്‍ കാക്കാന്‍ പുരാണകഥാഖ്യാനം നടത്തുന്ന പതിവുണ്ട്. അതിന് ഒരുദാഹരണം:
' സുന്ദരിയാം സീത തന്റെ
വാര്‍ത്തയല്‍പ്പം ചൊല്ലാം
രാമദേവന് കാനനത്തില്‍
പോകുമെന്നു ചൊല്ലി
കാനനത്തില്‍ പോകുമെങ്കില്‍
ഞാനും കൂടിപോരും
കാനനത്തില്‍ ചെന്നു പര്‍ണ്ണ
ശാലയതും കെട്ടി
തമ്പിയായ ലക്ഷ്മണനെ
കാവലാക്കിവെച്ചു
രാമദേവന് കാനനത്തില്‍
മാന്‍ പിടിപ്പാന്‍ പോയി
മാന്‍ പിടിപ്പാന്‍ ചെന്നവസ്ഥ
രാവണനറിഞ്ഞു..................'